അന്തര്‍ദേശീയം

ചാൾസ് ശോഭ്‌രാജ് ജയിലിൽ നിന്ന് ഇറങ്ങുന്നു; മോചിപ്പിക്കാൻ നേപ്പാൾ കോടതിയുടെ ഉത്തരവ്

കാഠ്മണ്ഡു: ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭാരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവ്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സിന്റെ പ്രായം കണക്കിലെടുത്താണ് മോചിപ്പിക്കുന്നത്. 78കാരനായ ചാള്‍സ് ശോഭരാജ്, 2003ലാണ് നേപ്പാളില്‍ ജയിലിലായത്. 
15 ദിവസത്തിനകം നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

 അമേരിക്കന്‍ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് നേപ്പാള്‍ പൊലീസ് ചാള്‍സ് ശോഭരാജിനെ അറസ്റ്റ് ചെയ്തത്. 1975ലായിരുന്നു കൊലപാതകം.
കഠ്മണ്ഡുവിലെ സെന്‍ട്രല്‍ ജയിലിലാണ് ചാള്‍സ് ശോഭരാജിനെ പാര്‍പ്പിച്ചിരുന്നത്.

കള്ള പാസ്പോര്‍ട്ടില്‍ രാജ്യത്തേക്ക് കടന്ന കുറ്റത്തിനും ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്തിയതിന് 20 വര്‍ഷവും, വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്തേക്ക് കടന്നതിന് ഒരു വര്‍ഷവും ചേര്‍ത്ത് മൊത്തം 21 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. 1975 ല്‍ കഠ്മണ്ഡു, ഭക്താപൂര്‍ ജില്ലാ കോടതികളാണ് ചാള്‍സ് ശോഭരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
അതേസമയം കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ഇനിയും ശിക്ഷ വിധിച്ചിട്ടല്ല. ഇതിന്റെ വിചാരണ തുടരുന്നതിനിടെയാണ് ജയില്‍ മോചനം.

Leave A Comment