ക്രമവിരുദ്ധമായി വലിപ്പം കൂട്ടിയ കെട്ടിടങ്ങൾക്കുള്ള പിഴത്തുക ഉയർത്താൻ നിർദേശം
തിരുവനന്തപുരം: ക്രമവിരുദ്ധമായി വിസ്തീർണം വർധിപ്പിച്ച കെട്ടിടങ്ങൾക്കുള്ള പിഴത്തുക ഉയർത്തുന്നതിനായി കേരള കെട്ടിട നികുതി നിയമ (ഭേദഗതി) ഓർഡിനൻസിന് മന്ത്രിസഭാ ശിപാർശ. ഒറ്റത്തവണ കെട്ടിട നികുതി അടച്ചപ്പോഴുള്ള സത്യവാങ്മൂലത്തിൽ നിർദേശിച്ചിട്ടുള്ള കെട്ടിടത്തിന്റെ വിസ്തീർണം അനുമതിയില്ലാതെ ഉയർത്തിയ ഗാർഹിക- ഗാർഹികേതര കെട്ടിട ഉടമകളുടെ പിഴശിക്ഷ ഒറ്റത്തവണ കെട്ടിട നികുതിയുടെ 50 ശതമാനമായി ഉയർത്താനാണ് നിയമഭേദഗതിയിലെ പ്രധാന ശിപാർശ.ഒറ്റത്തവണ കെട്ടിട നികുതി റവന്യു വകുപ്പാണ് ഈടാക്കുന്നത്. അനധികൃത നിർമാണങ്ങൾക്കുള്ള 50 ശതമാനം പിഴത്തുകയും റവന്യു വകുപ്പാണു പിരിക്കുക. 3000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള ഗാർഹിക കെട്ടിടങ്ങൾക്കും ബഹുനില മന്ദിരങ്ങൾക്കും ആഡംബര നികുതി (ലക്ഷ്വറി ടാക്സ്) എന്ന പേരിൽ നികുതി പിരിച്ചിരുന്നു.
എന്നാൽ, പുതിയ ചരക്കു സേവന നികുതി നിയമ പ്രകാരം ആഡംബര നികുതി കേന്ദ്ര സർക്കാരിലേക്കാണു പോകുന്നത്. ഇതു സംസ്ഥാനത്തിനോ തദ്ദേശ സ്ഥാപനങ്ങൾക്കോ ലഭിക്കില്ല. ഈ നികുതി കേന്ദ്രത്തിനു പോകുന്നത് ഒഴിവാക്കാൻ ലക്ഷ്വറി ടാക്സിന്റെ പേര് അഡീഷണൽ ടാക്സ് എന്നാക്കി മാറ്റാനും നിയമ ഭേദഗതിയിൽ നിർദേശമുണ്ട്.
ഫ്ളാറ്റ് നിർമാതാക്കൾക്കും റിയൽ എസ്റ്റേറ്റുകാർക്കും കൂടുതൽ ഇളവു നൽകുന്ന നിയമഭേദഗതിയും മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി കൈമാറുന്ന കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ്-2023ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ളാറ്റുകൾ നിർമിക്കാൻ തദ്ദേശ സ്ഥാപന എൻജിനീയറിംഗ് വിഭാഗത്തിന്റെ അനുമതിക്കൊപ്പം ബന്ധപ്പെട്ട തഹസിൽദാർ പരിശോധിച്ച് അനുമതി നൽകേണ്ട തുണ്ട്. തഹസിൽദാറുടെ പരിശോധന ഒഴിവാക്കി, തദ്ദേശ സ്ഥാപന അനുമതി വാങ്ങിയാൽ മതിയെന്നാണു ഭേഗദതിയിൽ നിർദേശിക്കുന്നത്. ഗവർണർ ഒപ്പുവയ്ക്കുന്നതു മുതൽ ഭേദഗതി നിലവിൽ വരും.
Leave A Comment