കേരളം

85കാരിക്ക് 10 സെന്റ് നെല്‍വയല്‍ നികത്താം; അസാധാരണ നടപടിയുമായി ഹൈക്കോടതി

കൊച്ചി: അനാഥയായ എണ്‍പത്തഞ്ചുകാരിക്ക് സ്വന്തമായൊരു വീടെന്ന അഭിലാഷം സാക്ഷാത്കരിക്കാന്‍ ഹൈക്കോടതിയുടെ അസാധാരണ നടപടി. നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള ഭൂമിയില്‍ 10 സെന്റ് നികത്തി വീടു വയ്ക്കാന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അനുമതി നല്‍കി. വയോധികരുടെ സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭൂമി നികത്തുന്നത് മേഖലയിലെ നെല്‍കൃഷിക്കും പരിസ്ഥിതിക്കും ദോഷകരമാകുമെന്നായിരുന്നു റവന്യു വകുപ്പിന്റെ വാദം. എന്നാല്‍ ഇത് അസാധാരണ കേസായി കണ്ട് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഭര്‍ത്താവും ഏക മകനും മരിച്ചതിനാല്‍ അനാഥമന്ദിരത്തിലാണ് വയോധിക കഴിയുന്നത്. കൊച്ചി ദ്വീപ് മേഖലയില്‍ ഇവര്‍ക്കു സ്വന്തമായി 81 സെന്റ് വയലുണ്ട്. എന്നാല്‍ ഈ വസ്തു നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതായതിനാല്‍ റവന്യൂ അധികൃതര്‍ ഭൂമി തരംമാറ്റം അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് ചെറിയ വീടു നിര്‍മിച്ചു നല്‍കാന്‍ ചിലര്‍ സന്നദ്ധരായെങ്കിലും നിയമവ്യവസ്ഥകള്‍ തടസമായി. ഇതേത്തുടര്‍ന്നാണ് വയോധിക കോടതിയെ സമീപിച്ചത്. മുതിര്‍ന്നവര്‍ നമുക്കു മുമ്പേ നടന്നവരാണെന്നും അവര്‍ നല്‍കിയതാണ് നമ്മള്‍ ജീവിതത്തില്‍ അനുഭവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Leave A Comment