കേരളം

സിസ തോമസിന് തടഞ്ഞുവച്ച പെന്‍ഷനും കുടിശ്ശികയും നല്‍കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്

കൊച്ചി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.സിസ തോമസിന് താത്കാലിക പെന്‍ഷനും കുടിശ്ശികയും നല്‍കാന്‍ കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. തടഞ്ഞുവച്ച പെന്‍ഷനും കുടിശ്ശികയും രണ്ടാഴ്ചയ്ക്കകം സിസയ്ക്ക് നല്‍കണമെന്നാണ് വിധി.2023 മാര്‍ച്ച് 31നാണ് സിസ തോമസ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. 33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസ് വിരമിക്കുന്നത്.

എന്നാല്‍ ഇവര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നില്ല.2022ല്‍ ഗവര്‍ണറുടെ നിര്‍ദേശാനുസരണം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ പദവി സിസ തോമസ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ, സിസാ തോമസിനെതിരെ ഉന്നത വിദ്യാഭ്യാസവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടിസിനെതിരെ സിസ തോമസ് ഹൈക്കോടതിയില്‍ പോകുകയും അനകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്‌തെങ്കിലും അപ്പോഴെക്കും സിസ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു.

എന്നാല്‍ അവര്‍ക്ക് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇവര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിക്കുകയായിരുന്നു. താത്കാലിക പെന്‍ഷനും കുടിശ്ശികയും രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് കേരള അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്.

Leave A Comment