കേരളം

മലയാളി വ്ളോഗര്‍മാരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ച് കേരള പൊലീസ്

അനധികൃതമായി പ്രവർത്തിക്കുന്ന ബെറ്റിങ് ആപ്പുകളെയും ഗെയിമിങ് ആപ്പുകളെയും പ്രൊമോട്ട് ചെയ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ച് കേരള പൊലീസ്. അഡ്വക്കേറ്റ് ജിയാസ് ജമാലിന്റെ പരാതിയിൽ നേരത്തെ സൈബർ പൊലീസ് എടുത്ത കേസിന് പിന്നാലെയാണ് നടപടി. സൈബർ സെല്ലിന്റെ ഇടപെടലിനെ തുടർന്ന് അനധികൃതമായി ആപ്പുകൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച നിരവധി അക്കൗണ്ടുകൾ നിലവിൽ ലഭ്യമല്ല.സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസേഴ്‌സ് ആയ വയനാടൻ വ്‌ളോഗർ, മല്ലു ഫാമിലി സുജിൻ, ഫഷ്മിന സാക്കിർ തുടങ്ങിയവരടക്കമുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെയാണ് നിലവിൽ മെറ്റ നടപടി എടുത്തിരിക്കുന്നത്. നേരത്തെ അനധികൃത ആപ്പുകളിൽ ചിലത് ഇന്ത്യയിൽ നിരോധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഓൺലൈൻ ഗെയിമിങ് ആപ്പുകളെ പ്രൊമോട്ട് ചെയ്യുന്ന തരത്തിൽ വീഡിയോ പങ്കുവെച്ച വ്യക്തികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുണ്ടായത്.

രാജ ഗെയിം പോലുള്ള ആപ്പുകളെയാണ് ഈ പ്രൊഫൈലുകളിൽ പ്രൊമോട്ട് ചെയതിരുന്നത്.ആപ്പുകളിൽ നിന്ന് പ്രെമോഷനായി വൻ തുക കൈപറ്റിയ ശേഷം തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന നേട്ടങ്ങൾ ഈ ആപ്പിലൂടെ ഗെയിം കളിച്ചുണ്ടാക്കിയതാണെന്ന തരത്തിലായിരുന്നു ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നത്. നേരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്‌ളൂവന്‍സേഴ്‌സ് ഇത്തരത്തിൽ ഗാബ്ലിങ് ആപ്പുകളെ പ്രെമോട്ട് ചെയ്യുന്നതായി ചൂണ്ടിക്കാട്ടി യെസ് അഭിജിത്ത് എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി രംഗത്ത് വന്നിരുന്നു.

നേരത്തെ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയ മഹാദേവ് ആപ്പ്, ഫൈവിൻ തുടങ്ങിയവയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് വകുപ്പ് നടപടിയെടുത്തിരുന്നു. ആഗോളതലത്തിൽ 400 കോടിയോളം രൂപ ആപ്പിലൂടെ തട്ടിയെടുത്തെന്നായിരുന്നു ഫൈവിൻ ആപ്പ് പറഞ്ഞത്. മിനി-ഗെയിമുകൾ കളിച്ച് എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഫൈവിൻ ആപ്പ് ശ്രദ്ധ നേടിയത്. ആപ്പിലൂടെ എത്തുന്ന ഫണ്ടുകൾ ക്രിപ്‌റ്റോ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഇഡി കണ്ടെത്തിയത്.


Leave A Comment