സംസ്ഥാന ധനസ്ഥിതി ഗുരുതരം; 5.07 ലക്ഷം കോടി രൂപയുടെ ബാധ്യതയെന്ന് ധവളപത്രം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതര പ്രതിസന്ധിയിലാണെന്ന് സർക്കാർ പുറത്തിറക്കിയ ധവളപത്രം. മുൻ വർഷങ്ങളിലെ സാമ്പത്തിക നയങ്ങളും അമിത വായ്പയെടുപ്പും സംസ്ഥാനത്തെ കടബാധ്യതയുടെ വലിയ ഭാരത്തിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
കേരളത്തിന്റെ മൊത്തം കുടിശ്ശിക ബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തിയതായാണ് ധവളപത്രം വ്യക്തമാക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തിൽ വികസന പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക ഇടം ഗണ്യമായി ചുരുങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
സമീപ വർഷങ്ങളിൽ എടുത്ത വായ്പകളിൽ വളരെ ചെറിയ വിഹിതം മാത്രമാണ് മൂലധന നിക്ഷേപങ്ങൾക്കായി ഉപയോഗിച്ചതെന്നും ബാക്കി തുക ദൈനംദിന ചെലവുകൾക്കും പഴയ ബാധ്യതകൾ തീർക്കുന്നതിനുമാണ് ചെലവഴിച്ചതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
ട്രഷറിയുടെ സാമ്പത്തിക സ്ഥിതിയും റിപ്പോർട്ടിൽ ആശങ്കയായി ഉയർത്തിക്കാട്ടുന്നുണ്ട്. സാമ്പത്തിക വർഷത്തിലെ ഭൂരിഭാഗം മാസങ്ങളിലും ട്രഷറി നെഗറ്റീവ് ബാലൻസിലായിരുന്നുവെന്നും ദൈനംദിന ധനകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ റിസർവ് ബാങ്കിന്റെ പ്രത്യേക ധനസഹായ സംവിധാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കിഫ്ബിയുടെ പ്രവർത്തനങ്ങളെയും ധവളപത്രം വിമർശിക്കുന്നു. കിഫ്ബി മുഖേന എടുത്ത വായ്പകളും പദ്ധതിബാധ്യതകളും ഭാവിയിൽ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കിഫ്ബിയുടെ നിലവിലെ പ്രവർത്തനരീതി പുനഃപരിശോധിക്കേണ്ടതുണ്ടെന്നും നിർദേശമുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടവും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന ഘടകമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വികസന ചെലവുകൾ കുറയുന്നത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കും സാമൂഹ്യക്ഷേമ പദ്ധതികൾക്കും തിരിച്ചടിയാകുമെന്നും ധവളപത്രം മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതും വ്യവസായ വളർച്ചയും തൊഴിൽസൃഷ്ടിയും മുൻഗണന നൽകേണ്ടതുണ്ടെന്നാണ് ധവളപത്രത്തിന്റെ പ്രധാന ശുപാർശ.
Leave A Comment