കേരളം

ബാലികയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവം; വീണ ജോർജിനെതിരെ രാഹുല്‍

പാലക്കാട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയും ആരോഗ്യവകുപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പല്ലശ്ശനയില്‍ ബാലികയുടെ കൈമുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിലാണ് പ്രതികരണം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൈ ഒടിഞ്ഞു ചികിത്സയ്ക്ക് എത്തിയ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോള്‍ ”എന്റെ കൈ എവിടെ അമ്മേ?” എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവ് കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാര്‍ നിങ്ങള്‍ മാത്രം അല്ലേ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമയ്ക്ക് താങ്കളുടെ പക്കല്‍ പ്രതിവിധിയുണ്ടോ?-എന്നും രാഹുല്‍ കുറിപ്പില്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം കരൂരില്‍ ഒരു ദുരന്തമുണ്ടായപ്പോള്‍ ‘വേണമെങ്കില്‍ ഒരു വിദഗ്ദ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക് അയക്കാം’ എന്ന് താങ്കള്‍ പറഞ്ഞിരുന്നു. മിനിസ്റ്റര്‍, സത്യത്തില്‍ കൂടുതല്‍ ആളുകള്‍ വേണം, അത് തമിഴ് നാട്ടില്‍ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആണെന്നും രാഹുല്‍ പറഞ്ഞു. 

ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുതെന്നും കപ്പല്‍ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ടെന്നും രാഹുല്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.

Leave A Comment