രാജ്യത്തെ അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും; നിയന്ത്രണങ്ങള്‍ വരും
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ കൊച്ചിയും. കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്ര സര്‍ക്കാര്‍ അതീവ സുരക്ഷാ മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സൈന്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുള്ള സ്ഥലങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നേവല്‍ ബേസും കപ്പല്‍ശാലയും അടക്കം ഉള്‍പ്പെടുന്ന മേഖലയാണ് ഇതില്‍ ഉള്‍പ്പെടുക.
പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ സുരക്ഷാ നിയമവും ഒഫീഷ്യല്‍ സീക്രട്ട് ആക്ടും ബാധകമാണ്. പ്രദേശത്ത് പൊതുജനങ്ങളുടെ പ്രവേശനത്തിനടക്കം നിയന്ത്രണമുണ്ടാകും.
ചില സ്ഥാപനങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമടക്കം നിയന്ത്രണമേര്‍പ്പെടുത്തും. ഇത്തരം മേഖലകള്‍ കേന്ദ്രീകരിച്ച് ചാരപ്രവര്‍ത്തനം പോലുള്ള കാര്യങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
കൊച്ചിക്ക് പുറമേ മധ്യപ്രദേശ്, രാജസ്ഥാന്, ബിഹാര്‍ സംസ്ഥാനങ്ങളിലെ രണ്ട് സ്ഥലങ്ങൾ വീതവും തെലങ്കാന, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഒരു സുരക്ഷാ മേഖല വീതവും പട്ടികയിലുണ്ട്.
Leave A Comment