കുടുംബശ്രീയുടെ പേരിൽ ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ്
പള്ളുരുത്തി: കൊച്ചിയിൽ കുടുംബശ്രീയുടെ പേരിൽ 80 ലക്ഷത്തോളം രൂപയുടെ വായ്പ തട്ടിപ്പ്. കൊച്ചി നഗരസഭയുടെ കീഴിലുള്ള പള്ളുരുത്തി മേഖലയിലെ നിർജീവമായ അയൽക്കൂട്ടങ്ങളുടെ പേരിലാണ് ലക്ഷങ്ങളുടെ ലിങ്കേജ് വായ്പാ തട്ടിപ്പ് നടന്നിരിക്കുന്നത്.
ഡിവിഷൻ കൗൺസിലറുടെയും എഡിഎസിന്റെയും സിഡിഎസ് ഉദ്യോഗസ്ഥരുടെയും മെമ്പർ സെക്രട്ടറിയുടെയും ശിപാർശ കത്ത് ലഭിച്ചശേഷമാണ് ബാങ്കുകൾ അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകുന്നത്. എന്നാൽ പല ഡിവിഷനുകളിലും കൗൺസിലർമാരോ എഡിഎസോ അറിയാതെയാണ് വായ്പാതട്ടിപ്പ്.
20 ലക്ഷം രൂപ വരെയാണ് ബാങ്കുകൾ ലിങ്കേജ് വായ്പ നൽകുന്നത്. ഒരു ഡിവിഷനിൽ മാത്രം നൂറോളം അയൽക്കൂട്ടം ഗ്രൂപ്പുകൾ ഉണ്ട്. അയൽക്കൂട്ടങ്ങൾക്ക് സിഡിഎസ് പ്രസിഡന്റിന്റെ മാത്രം ശിപാർശ കത്തോടുകൂടിയും ബാങ്കുകൾ ലിങ്കേജ് വായ്പകൾ നല്കുന്നുണ്ട്. തട്ടിപ്പ് നടന്നിരിക്കുന്നത് അയൽക്കൂട്ട ഗ്രൂപ്പുകൾ അറിയാതെയാണ്. ലിങ്കേജ് വായ്പയുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് വെസ്റ്റ് സിഡിഎസ് പ്രവർത്തിക്കുന്നതെന്നും വ്യാജമായി രേഖകൾ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തതിൽ സിഡിഎസ് പ്രസിഡന്റിനും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നുമാണ് യുഡിഎഫ് കൗൺസിലർമാർ ആരോപിക്കുന്നത്.
മുൻപും കമ്മീഷൻ വ്യവസ്ഥയിൽ വിവിധ ബാങ്കുകളിൽ നിന്നും കുടുംബശ്രീ അംഗങ്ങൾക്ക് ലിങ്കേജ് വായ്പ എടുത്തു നൽകിയത് ഇതേ വെസ്റ്റ് സിഡിഎസിൽ നിന്നാണെന്നും ഇപ്പോൾ നടന്നിരിക്കുന്ന തട്ടിപ്പിനെതിരെ വിജിലൻസിനെ സമീപിക്കുമെന്നും കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ആന്റണി കുരീത്തറ, പാർലമെന്ററി പാർട്ടി സെക്രട്ടറി എംജി അരിസ്റ്റോട്ടിൽ എന്നിവർ പറഞ്ഞു.
അതേസമയം സിഡിഎസ് പ്രസിഡന്റിന്റെയും മെമ്പർ സെക്രട്ടറിയുടെയും ഡിവിഷൻ കൗൺസിലറുടെയും വ്യാജഒപ്പും സീലും നിർമിച്ചാണ് വായ്പ എടുത്തിരിക്കുന്നതെന്ന് കൊച്ചി വെസ്റ്റ് സിഡിഎസ് പ്രസിഡന്റ് നബീസ ലത്തീഫ് പറഞ്ഞു. ഇതിനെരെ പോലീസിൽ പരാതി നൽകുമെന്നും അവർ പറഞ്ഞു.
Leave A Comment