സ്കൂൾ സമയമാറ്റ തീരുമാനം പിൻവലിച്ചത് സ്വാഗതാർഹമെന്ന് സമസ്ത
കോഴിക്കോട്: മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലുള്ള സ്കൂൾ സമയമാറ്റ നീക്കത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത് സ്വാഗതാർഹമെന്ന് സമസ്ത കേരള ജംഈയ്യത്തുൽ ഉലമ. സ്കൂൾ സമയം മാറ്റാനുള്ള നീക്കത്തിനെതിരായ തങ്ങളുടെ നിലപാടിന് അനുകൂലമായിയാണ് സർക്കാർ നിൽക്കുന്നതെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം അറിയിച്ചു.
ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാർ സമസ്തയ്ക്ക് നൽകിയ ഉറപ്പിനെക്കുറിച്ചും അദേഹം വിശദീകരിച്ചു. ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ച് വന്ന നടപ്പ് രീതികളിൽ നിന്നുള്ള മാറ്റം പെട്ടെന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഉമർ ഫൈസി അറിയിച്ചു.
ആണും പെണ്ണും തമ്മിൽ ഒരു വ്യത്യാസവുമില്ലാതെ പെരുമാറുന്നത് ഭാരതീയ - കേരളീയ പാരമ്പര്യത്തിന് എതിരാണ്. രാഷ്ട്രീയത്തിൽ സമസ്ത ഇടപെടാറില്ല; എങ്കിലും മുസ്ലീം ലീഗിനെപ്പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷമുണ്ട്. ഉത്തരേന്ത്യയിലേത് പോലെ എല്ലാവരും യോജിച്ച് പോകണം. കേന്ദ്രത്തിൽ ഫാസിസം പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇത് ആവശ്യമാണെന്നും ഉമർ ഫൈസി അഭിപ്രായപ്പെട്ടു.
Leave A Comment