പോരാട്ടം പുരുഷൻമാർക്കുവേണ്ടി; ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ
തിരുവനന്തപുരം: അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കേസില്‍ റിമാൻഡിലായ രാഹുൽ ഈശ്വർ പോലീസിനെ വിമർശിച്ച് രംഗത്ത്. പോലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു. കോടതിയിൽ പോലീസ് പച്ചക്കള്ളമാണ് പറഞ്ഞത്.
മഹാത്മഗാന്ധിയുടെ പാതയിൽ ജയിലിൽ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷൻമാർക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരമാണെന്നും രാഹുൽ പറഞ്ഞു. കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പോലീസ് വിലക്കിയെങ്കിലും വാഹനത്തിലിരുന്ന് തന്റെ നിലപാട് രാഹുൽ വിളിച്ചു പറയുകയായിരുന്നു.
14 ദിവസത്തേക്ക് റിമാൻഡു ചെയ്ത രാഹുൽ ഈശ്വറിനെ ഉടൻ പൂജപ്പുര ജില്ലാ ജയിലിൽ എത്തിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ വിവരങ്ങൾ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ വീഡിയോകൾ പരിശോധിച്ച ശേഷമാണ് ജഡ്ജി റിമാൻഡ് ചെയ്ത്.
പോലീസ് ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി അറിയിച്ചു.
Leave A Comment