തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു; സബ്ജയിലിലേയ്ക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലുള്ള തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തുടർന്ന് തന്ത്രി രാജീവരെ സബ്ജയിലിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെയാണ് സ്പെഷ്യൽ സബ് ജയിലിൽ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഐസിയുവിലേയ്ക്ക് മാറ്റിയ തന്ത്രിയെ 24 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഡിസ്ചാർജ് ചെയ്തത്.
അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്.
തിരുവിതാംകൂർ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ എടുത്തു പറഞ്ഞായിരുന്നു കട്ടിളപാളി കേസിലെ എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം.
അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്ന് പ്രത്യേക സംഘം പറയുന്നു. ഈ ഉത്തരവാദിത്വം മറന്നാണ് കട്ടിളപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ മൗനാനുവാദം നൽകിയതെന്നായിരുന്നു കണ്ടെത്തൽ.
Leave A Comment