വ്യാജ പരാതിയാണ്; റിമാൻഡ് റിപ്പോർട്ട് തന്നെ എല്ലാം പറയുന്നുണ്ടെന്ന് അഭിഭാഷകൻ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗീക പീഡന പരാതി വ്യാജമാണെന്ന് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്. പരാതി നൽകിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുൽ മാങ്കൂട്ടത്തിൽ എത്തി പീഡിപ്പിച്ചു എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇത് തന്നെ പരാതി വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണെന്നും ശാസ്തമംഗലം അജിത്ത് പറഞ്ഞു.
സ്വയം റൂമിലെത്തിയ യുവതിയെ രാഹുൽ എത്തി പീഡിപ്പിച്ചു എന്നു പറയുന്നതിൽ നിന്ന് തന്നെ ഇത് വ്യാജ പരാതിയാണെന്ന് മനസിലാക്കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാൻ തയാറായ വ്യക്തിയെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്.
മറ്റ് രണ്ട് കേസുകളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഇന്നത്തെ അറസ്റ്റ് ആ ഹർജികളെ ബാധിക്കുമോ എന്ന ചോദ്യത്തോട് എങ്ങനെ ബാധിക്കും എന്നാണ് അഭിഭാഷകൻ ചോദിച്ചത്. രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചുവെന്നും അഭിഭാഷൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധിക്കുന്നതിന് സമ്മതിക്കുമോ എന്നും ശാസ്തമംഗലം അജിത്ത് ചോദിച്ചു.
പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര പ്രത്യേക ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു.
വൈദ്യപരിശോധനയ്ക്ക് രാഹുൽ മാങ്കൂട്ടത്തലിനെ എത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് യുവമോർച്ച-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർ പൊതിച്ചോർ വിതരണം ചെയ്താണ് പ്രതിഷേധിച്ചത്.
Leave A Comment