യുവാക്കളിൽ 40 ശതമാനം വോട്ടർപട്ടികയ്ക്കു പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ 18നും 30നും മധ്യേ പ്രായമുള്ളവരിൽ 40 ശതമാനത്തോളം പേർ വോട്ടർപട്ടികയിൽ പേരു ചേർത്തിട്ടില്ലെന്നാണ് അനുമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോൾ വോട്ടർപട്ടികയിൽ 60 ശതമാനത്തോളം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ പ്രായപരിധിയിലുള്ളവർ 54- 56 ലക്ഷം വരും. 25 ലക്ഷത്തിലേറെ പേർ ഇനിയും ഉൾപ്പെടാനുണ്ട്.
പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവരിൽ ഭൂരിഭാഗവും ഈ പ്രായപരിധിയിലുള്ളവരാകും. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിംഗ് നടപടികൾക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാനുമായി 1000 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ബിഎൽഒമാരുടെ സേവനം ഒരു മാസത്തേക്കു (ജനുവരി 22 വരെ) നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിംഗിന് വോട്ട് ചെയ്യുന്ന ബൂത്തിൽ തന്നെ സൗകര്യം
തിരുവനന്തപുരം: കരട് വോട്ടർപട്ടികയിലെ പരാതിയുടെ ഹിയറിംഗിന് വോട്ടറുടെ ബൂത്തിൽത്തന്നെ സൗകര്യം ഒരുക്കും. പരാതിക്കാരന് സൗകര്യപ്രദമായ സ്ഥലത്തായിരിക്കും ഹിയറിംഗിനുള്ള കേന്ദ്രം ഒരുക്കുക.
ഹിയറിംഗിന് ഇആർഒ, എഇആർഒ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുണ്ടാകും. കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിച്ചാൽ ആരെയൊക്കെ ഹിയറിംഗിന് വിളിക്കണമെന്ന് ഇആർഒ തീരുമാനിക്കും. എന്തുകൊണ്ട് ഹിയറിംഗിന് വിളിച്ചു, ഏതു രേഖ ഹാജരാക്കണം എന്നിവ വിശദമാക്കി അപേക്ഷകനുള്ള നോട്ടീസിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ബിഎൽഒ വഴി നോട്ടീസ് എത്തിക്കും. ജനുവരി 22 വരെ പരാതികൾ നൽകാനും എതിർപ്പുകൾ അറിയിക്കാനും സൗകര്യമുണ്ട്. പരാതികൾ ഓണ്ലൈനായോ ബിഎൽഒ വഴിയോ നൽകാം.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷവും പേരുൾപ്പെടുത്തലും പുതുക്കലും തുടരും. എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകിയവർ കരട്പട്ടികയിൽ ഇല്ലെങ്കിൽ പരിശോധിക്കുമെന്നും വിട്ടുപോയവരെ ഉൾപ്പെടുത്തുമെന്നും സിഇഒ പറഞ്ഞു. കരട് വോട്ടർപട്ടികയിൽ പേരില്ലാത്തവർ ഡിക്ലറേഷനൊപ്പം ഫോറം ആറിൽ അപേക്ഷിക്കണം. 2002 ലെ വോട്ടർപട്ടികയുമായി പുതിയ പട്ടിക ഒത്തുനോക്കുന്ന ജോലി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
19.32 ലക്ഷം പേർക്ക് ഹിയറിംഗിന് നോട്ടീസ്
തിരുവനന്തപുരം:എസ്ഐആർ നടപടിക്രമങ്ങളിൽ 2002ലെ വോട്ട൪ പട്ടികയുമായി ഒത്തുപോകാത്ത 19.32 പേ൪ക്ക് ഹിയറിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകും. ഇത്രയും പേരുടെ ഫോമുകളിൽ 2002ലെ വോട്ട൪ പട്ടികയുമായി ഒത്തുപോകാത്ത സാഹചര്യമെന്നാണ് വിലയിരുത്തൽ. ഇആ൪ഒമാ൪ ഇവരോട് രേഖകൾ ആവശ്യപ്പെടും. രേഖകൾ ഹാജരാക്കാനാകുന്നവരെ വോട്ട൪പട്ടികയിൽ നിലനി൪ത്തും.
സമർപ്പിക്കേണ്ട ഫോമുകൾ
നിശ്ചിത സമയത്തിനുള്ളിൽ ഫോം സമർപ്പിക്കാൻ കഴിയാത്തവർക്ക്, ഫോം 6 നൊപ്പം സത്യവാങ്മൂലം സമർപ്പിച്ചു പേരു ചേർക്കാം.
ഫോം 6: പേര് പുതുതായി ചേർക്കാൻ, ഫോം 6എ: പ്രവാസി വോട്ടർമാരുടെ പേര് ചേർക്കാൻ.ഫോം 7: മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ. ഫോം 8: വിലാസം മാറുന്നതിനും മറ്റ് തിരുത്തലുകൾക്കും. ഈ ഫോമുകൾ എന്ന ലിങ്കിൽ ലഭ്യമാണ്.
Leave A Comment