52 ദിവസത്തെ ആഴക്കടൽ മീൻപിടിത്തനിരോധനം അവസാനിക്കുന്നു : കടലും കടലോരവും ഒരുങ്ങി
അഴീക്കോട്: 52 ദിവസത്തെ ആഴക്കടൽ മീൻപിടിത്തനിരോധനം ഇന്ന് അവസാനിക്കും. അർധരാത്രി 12-ന് നൂറുകണക്കിന് ചെറുതും വലുതുമായ മീൻപിടിത്തബോട്ടുകൾ അഴീക്കോട് അഴിമുഖം കടന്ന് കടലിൽ ഇറങ്ങും.
കനത്ത മഴയും ഉയർന്ന തിരമാലകളും കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും തൊഴിലാളികളിൽ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും 52 ദിവസത്തെ വറുതിക്കാലം അവസാനിക്കുന്നതിന്റെ ആവേശത്തിലാണ് കടലോരം.
അറ്റകുറ്റപ്പണികളും പെയ്ന്റിങ്ങും കഴിഞ്ഞ് യാഡിൽനിന്ന് ബോട്ടുകൾ അഴീക്കോട്, മുനമ്പം തീരത്തണഞ്ഞു. മീൻപിടിത്ത നിരോധനത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഡീസൽ ബങ്കുകളിലും യാനങ്ങൾ എത്തിത്തുടങ്ങി. ഐസ് കമ്പനികൾ നേരത്തെ തുറന്നിരുന്നു. മീൻപിടിത്തനിരോധനകാലത്ത് നാട്ടിൽ പോയിരുന്ന മറുനാടൻ തൊഴിലാളികളടക്കം തിരിച്ചെത്തി. ബോട്ടുകളും മറ്റും അവസാനവട്ട പരിശോധനകൾ നടത്തി. വലകളും മറ്റും കയറ്റിക്കഴിഞ്ഞു.
നിരോധനകാലത്ത് എൻജിനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ജില്ലയിലെ 103 ബോട്ടുകളാണ് നിരോധനത്തിനുശേഷം കടലിൽ ഇറങ്ങുക. ഇതേസമയം മുനമ്പത്തുനിന്നുള്ള 860-ഓളം ബോട്ടുകളും അഴീക്കോട് അഴിമുഖം വഴിയാണ് ബുധനാഴ്ച അർധരാത്രി മീൻപിടിത്തത്തിന് ഇറങ്ങുന്നത്..
Leave A Comment