പ്രാദേശികം

നിയന്ത്രണം വിട്ട ലോറി ഏഴ് പെട്ടി ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശൂർ: ദേശീയപാത മരത്താക്കര പുഴമ്പള്ളം റോഡിന് സമീപം നിയന്ത്രണം വിട്ട ലോറി ഏഴ് പെട്ടി ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി. മരത്താക്കരയിലെ ഫിഷ് മാര്‍ക്കറ്റിന് മുന്‍പില്‍ മീന്‍ കൊണ്ടുപോകാന്‍ നിര്‍ത്തിയ വാഹനങ്ങളിലേക്കാണ് ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി പാഞ്ഞുകയറിയത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കാഞ്ചേരി സ്വദേശി ഷാഹുലിനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. മീന്‍ വാങ്ങാനെത്തിയ 25 ഓളം പേര്‍ വാഹനങ്ങള്‍ക്കരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ലോറി വരുന്നതുകണ്ട് ആളുകള്‍ ഓടി മാറിയതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഒല്ലൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Leave A Comment