കോതമംഗലത്ത് കാട്ടാന മറിച്ചിട്ട പന തലയിൽ വീണ് പുതുക്കാട് സ്വദേശിനി മരിച്ചു
പുതുക്കാട്: കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ദാരുണ സംഭവം. പാലക്കാട് കഞ്ചിക്കോട് താമസിക്കുന്നപുതുക്കാട് സ്വദേശി വിൽസൻ്റയും കഞ്ചിക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ജീനയുടെയും മകളായ 21 വയസുള്ള ആൻമരിയയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോതമംഗലം സ്വദേശി അൽത്താഫിന് അപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർത്ഥിനിയാണ് ആൻമരിയ. കട്ടപ്പനയിൽനിന്ന് കോതമംഗലത്തേക്ക് ബൈക്കിൽ വരുന്നതിനിടെയായിരുന്നു അപകടം.
റോഡിൻ്റെ ഓരത്തുനിന്നിരുന്ന പനമരമാണ് കാട്ടാന കുത്തിമറിച്ചിട്ടത്. ബൈക്കിൻ്റെ പുറകിലിരുന്ന ആൻമരിയയുടെ തലയിലേക്കാണ് പന വീണത്. പനയോലയുടെ മടലിലെ മൂർച്ചയേറിയ ഭാഗം കൊണ്ട് അൽത്താഫിൻ്റെ കഴുത്തിലും പരിക്കേറ്റു. നിലവിളി കേട്ടെത്തിയ സമീപത്തെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇൻസ്ട്രുമെൻ്റേഷനിലെ കമേഴ്‌സ്യൽ വിഭാഗം ഓഫീസറായ വിൽസനും കുടുംബവും ജോലിയുടെ ഭാഗമായി കഞ്ചിക്കോടാണ് താമസം.
ആൻമരിയയുടെ സംസ്കാരം പാഴായി സെൻ്റ് സെബാസ്റ്റിൻ പള്ളിയിൽ നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 5ന് പള്ളിയിൽ എത്തിച്ച് സംസ്കരിക്കും.
വർഷങ്ങൾക്ക് മുൻപ് പാഴായി പടിഞ്ഞാട്ടുമുറിയിൽ വാങ്ങിയ വീട്ടിലേക്കാണ് ആൻമരിയയുടെ മൃതദേഹം എത്തിക്കുന്നത്. റോസ്മേരിയാണ് ആൻമരിയയുടെ സഹോദരി.
Leave A Comment