പ്രാദേശികം

കുണ്ടൂരിലെ വിവാദ 'സ്വാമി'യുടെ കേന്ദ്രത്തിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി

കുഴൂർ : മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി ആൾദൈവം ചമയുന്നുവെന്നാരോപിക്കപ്പെടുന്ന കുണ്ടൂർ സ്വദേശി കള്ളിയാട്ടുതറ രാജീവ് എന്നയാളുടെ പ്രാർത്ഥന കേന്ദ്രത്തിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. മാർച്ച് വീടിന് സമീപം പോലീസ് തടഞ്ഞു

 കുണ്ടൂർ സ്വദേശി കള്ളിയാട്ടുതറ രാജീവ് എന്നയാൾ ആഭിചാര പ്രവർത്തികൾ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. അച്ഛൻസ്വാമി എന്ന പേരിൽ സ്വയം ആൾദൈവം ചമയുന്ന ഇയാൾ ഒരു വർഷംമുമ്പ് പൂജയുടെ പേരിൽ പ്രായപൂർത്തിയാകാത്തയാളെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിലാകുകയും രണ്ടുമാസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി ഇപ്പോഴും ഇയാൾ ഇത്തരം കുൽസിത പ്രവർത്തികൾ തുടരുന്നുണ്ട് എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. 

 പൊതുജനങ്ങൾക്ക് ശല്യമായ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് 2022 ജൂലായ് 21-ന് ഇരിങ്ങാലക്കുട സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നോട്ടീസ് നൽകിയിട്ടുണ്ട് എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. എന്നാൽ ഉത്തരവ് നടപ്പാക്കാതെ അധികൃതർ ഒത്തുകളിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

പരാതികൾ അടിസ്ഥാനരഹിതമാണെന്നും ഞായറാഴ്ചയും ആയില്യം നാളിലും രാത്രി ഏഴുവരെ മാത്രമാണ് പ്രാർത്ഥന നടത്തുന്നതെന്ന് കേന്ദ്രം നടത്തിപ്പുകാരനായ രാജീവ് ഡിവൈ.എസ്.പി.ക്ക് നൽകിയ മൊഴിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇവിടെ ആഭിചാര ക്രിയകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചു ബിജെപി യുവമോർച്ച നേതാക്കൾ കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. ഒരു പെൺകുട്ടിയുടേത് എന്ന് തോന്നിപ്പിക്കുന്ന അലർച്ചെയോടെയുള്ള വിഡിയോയും അനുബന്ധമായി പോസ്റ്റ്‌ ചെയ്യപ്പെട്ടിരുന്നു.

ഇന്ന് നടന്ന പ്രതിഷേധ മാർച്ചിനെ സ്റ്റാൻലി, പ്രിയ ലിയോ, സണ്ണി കൂട്ടാല, രാധാകൃഷ്ണൻ, അനുമോദ്, പൂവേലിൽ മോഹനൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.

Leave A Comment