ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാം; കൊടകര സഹൃദയ കോളജിലെ വിദ്യാർത്ഥി ജീവൻ ജോസഫിന് അനുകൂല വിധി.
കോഴിക്കോട് : ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടും അന്തർ സർവ്വകലാശാല മീറ്റിൽ നിന്ന് കാലിക്കറ്റ് സർവ്വകലാശാല തഴഞ്ഞ കൊടകര സഹൃദയ കോളജിലെ വിദ്യാർത്ഥി ജീവൻ ജോസഫിന് കോടതിയിൽ നിന്ന് അനുകൂല വിധി. ജീവൻ ജോസഫിനെ മത്സരത്തിന് അയക്കണമെന്ന് കോഴിക്കോട് ജില്ല കോടതി ഉത്തരവിട്ടു. അണ്ടർ 67 കിലോ വിഭാഗത്തിലായിരുന്നു നേരത്തെ ജീവൻ മത്സരിച്ചിരുന്നത്.
ഈ വിഭാഗത്തിൽ ഇനി പങ്കെടുക്കാനാകില്ല. പകരം 75 കിലോ വിഭാഗത്തിൽ മത്സരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇത് അംഗീകരിച്ച ജീവൻ 75 കിലോ വിഭാഗത്തിൽ മത്സരിക്കാമെന്ന് കോടതിയെ അറിയിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മീറ്റിൽ പങ്കെടുക്കുന്നതിനായി നാളെ തന്നെ പുറപ്പെടുമെന്ന് ജീവൻ പറഞ്ഞു. അണ്ടർ 67 കിലോ വിഭാഗത്തിൽ കൊടകര സഹൃദയ കോളജിലെ വിദ്യാർത്ഥിയായ കാസർകോഡ് നീലേശ്വരം സ്വദേശി ജീവൻ ജോസഫാണ് സ്വർണ മെഡൽ നേടിയത്. എന്നാൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെയാണ് ദേശീയ മത്സരത്തിന് തെരഞ്ഞെടുത്തത്. മറ്റൊരു വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജീവന്റെ സഹോദരിക്കും ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അനുമതി കിട്ടിയില്ല.
തൃശൂര്‍ കൊടകര സഹൃദയ കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളും ഇരട്ട സഹോദരങ്ങളുമാണ് ജീവന്‍ ജോസഫും ജിൽന ജോസഫും. ഈ മാസം എട്ട്, ഒമ്പതു തീയതികളിലായി നടന്ന കാലിക്കറ്റ് സര്‍വകലാശാല ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 67 കിലോ വിഭാഗത്തിൽ ജീവനും 57 കിലോ വിഭാഗത്തില്‍ ജില്‍നയും ഒന്നാം സ്ഥാനം നേടി. എന്നാല്‍ ദേശീയ അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ജീവനെ തഴഞ്ഞു മറ്റൊരു താരത്തിന് അവസരം നല്‍കാനായി സര്‍വകലാശാല പ്രത്യേക സെലക്ഷന്‍ ട്രയല്‍സ് നടത്തി. ട്രയല്‍സിൽ ജീവനെക്കാള്‍ മികവ് കാട്ടിയെന്ന് പറഞ്ഞാണ് സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പില്‍ ജീവന് പിന്നില്‍ മൂന്നാം സ്ഥാനം മാത്രം നേടിയ താരത്തിന് അവസരം നല്‍കിയത്.
Leave A Comment