പ്രാദേശികം

കളമശ്ശേരി മണ്ഡലത്തിൽ 40 തോടുകളുടെ ആഴം കൂട്ടാൻ 8 കോടി അനുവദിച്ചു

കളമശ്ശേരി : കുന്നുകര, കരുമാല്ലൂർ, ആലങ്ങാട് ഗ്രാമപ്പഞ്ചായത്തുകളിലെ 40 തോടുകളുടെ ആഴം വർധിപ്പിക്കാനും പുനഃസംയോജിപ്പിക്കാനുമായി എട്ടുകോടി രൂപ അനുവദിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്കുള്ള ഭരണാനുമതി നൽകി ജലവിഭവ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

കേടുപാട് സംഭവിച്ച 10 കലുങ്കുകൾ പുനർനിർമിക്കാനും അഞ്ച് സ്ളൂയിസുകൾ നിർമിക്കാനും പണം വകയിരുത്തിയിട്ടുണ്ട്. ഒട്ടാകെ 60 കിലോമീറ്റർ നീളം വരുന്നതാണ് തോടുകൾ. പെരിയാറിൽ നിന്നും വിവിധ പാടശേഖരങ്ങളിൽ നിന്നുമായി ആരംഭിച്ച് കൈപ്പെട്ടിത്തോട്, മാഞ്ഞാലിത്തോട്, ഓഞ്ഞിത്തോട്, പെരിയാർ തുടങ്ങിയ ജലാശയങ്ങളിൽ അവസാനിക്കുന്ന തോടുകൾ ആണിവ.

ചെളിയും മാലിന്യവും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്. ഓരുവെള്ളം കയറുന്നത് തടയാൻ പാനായിക്കുളം ചിറയം ജങ്ഷൻ എന്നിവിടങ്ങളിൽ സ്ളൂയിസുകൾ നിർമിക്കും. 8250 മീറ്റർ നീളത്തിൽ കരിങ്കൽ സംരക്ഷണഭിത്തി നിർമിക്കാനും 16500 മീറ്റർ നീളത്തിൽ കയർ ഭൂവസ്ത്രം വിരിക്കാനും പണം വകയിരുത്തിയിട്ടുണ്ട്. ചെളിനീക്കി തോടുകൾ വൃത്തിയാക്കുന്നതോടെ വെള്ളക്കെട്ട് ഒഴിവാകും. ഈ മേഖലയിലെ കാർഷിക മേഖലയ്ക്കും ഏറെ ഗുണകരമാവുമെന്ന് പി. രാജീവ് പറഞ്ഞു.

Leave A Comment