‘കനിവോടിത്തിരി മണ്ണ്’ പദ്ധതിയുമായി കുന്നുകര, ഭൂമി വിതരണം നടന്നു
കുന്നുകര : ലൈഫ് മിഷൻ ‘കനിവോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി കുന്നുകര പഞ്ചായത്ത് വീടും സ്ഥലവും ഇല്ലാത്ത 51 നിർധന കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമിവീതം വിതരണം ചെയ്തു. ലൈഫ് മിഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഒരു വർഷത്തിനകം ഈ കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാനാണ് ശ്രമം. ഭൂമി വിതരണം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സർക്കാർ പൂർത്തീകരിച്ച 50,650 വീടുകളടക്കം ലൈഫ് ഭവന പദ്ധതിയിലൂടെ കേരളത്തിൽ 3,13,725 വീടുകൾ നിർമിച്ചുവെന്ന് മന്ത്രി പറഞ്ഞു.
9521 കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കാതെ മറ്റു സ്ഥാപനങ്ങളിൽനിന്നും ലഭിക്കുന്ന സഹായങ്ങളിലൂടെ പദ്ധതി പൂർത്തീകരിച്ച പഞ്ചായത്ത് ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു. മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷനായി.
കേരളോത്സവ വിജയികൾക്ക് ഹൈബി ഈഡൻ എം.പി. ഉപഹാരങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡൻറ് സൈന ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ്, ജില്ലാ വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എ. അബ്‌ദുൽ ജബ്ബാർ, സെക്രട്ടറി ജി. ജീമോൾ, സി.എം വർഗീസ്, ഷിബി പുതുശ്ശേരി, സിജി വർഗീസ്, കവിത ബാബു, സി.കെ. കാസിം, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രതിനിധി ജോർജ് സ്ലീബ, ഗുരുദേവ ചാരിറ്റബിൾ പ്രസിഡൻറ് ജയകുമാർ, ഫാ. ജോസഫ് മൈപ്പാൻ എന്നിവർ പങ്കെടുത്തു.
Leave A Comment