ദേശീയം

ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; സ്ഥിരീകരിച്ച് തൃശൂര്‍ സ്വദേശിനിയുടെ കുടുംബം

തൃശ്ശൂര്‍: ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മലയാളിയായ യുവതിയും. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ആണ് കപ്പലില്‍ ഉള്ള നാലാമത്തെ മലയാളി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇറാന്‍ ഇന്ത്യയെ അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

കപ്പലിലുള്ള 17 ഇന്ത്യക്കാരില്‍ നാലു മലയാളികള്‍ ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് തൃശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സയുടെ കുടുംബം. മകള്‍ ട്രെയിനിംഗിന്റെ ഭാഗമായി 9 മാസമായി ഷിപ്പില്‍ ഉണ്ടെന്ന് പിതാവ് ബിജു എബ്രഹാം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അവസാനം സംസാരിച്ചത്. മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ ആന്‍ ടെസയുടെ പേരില്ലെന്നും പിതാവ് പറയുന്നു. വയനാട് സ്വദേശി ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് മറ്റ് മലയാളികള്‍ . ജീവനക്കാര്‍ സുരക്ഷിതരാണെന്ന് എം എസ് സി കമ്പനി അധികൃതര്‍ കപ്പലില്‍ കുടുങ്ങിയവരുടെ കുടുംബങ്ങളെ അറിയിച്ചു. കപ്പലിലുള്ള 17 പേരെയും സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഇറാന്‍ അനുമതി നല്‍കി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയേയും ഇസ്രയേല്‍ വിദേശകാര്യമന്ത്രിയേയും ഇന്ത്യയുടെ ആശങ്ക അറിയിച്ചു.

Leave A Comment