മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
ഗോഹട്ടി: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഖോക്കൻ ഗ്രാമത്തിലുണ്ടായ അക്രമത്തിൽ ഒരു സ്ത്രീയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവർ വ്യത്യസ്ത സമുദായത്തിൽപെട്ടവരാണെന്നും തീവ്രവാദികളാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ സൈനിക വാഹനങ്ങൾക്ക് സമാനമായ വാഹനങ്ങളിലാണ് അക്രമികൾ സംഭവസ്ഥലത്തെത്തിയത്. തുടർന്ന് ഇവർ ഗ്രാമീണർക്കു നേരെ നിറയൊഴിക്കുയായിരുന്നു.
അതേസമയം മണിപ്പൂരിൽ കലാപത്തിനിടെ പലായനം ചെയ്തവർക്ക് 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണിതെന്ന് സംസ്ഥാന സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇംഫാൽ ഈസ്റ്റ് ജില്ലയിൽനിന്ന് 27 ആയുധങ്ങളും 41 ബോംബുകളും ബിഷ്ണുപുർ ജില്ലയിൽനിന്ന് ഒരു ആയുധവും രണ്ടു ബോംബുകളും പിടികൂടിയിരുന്നു. ഇതുവരെ 896 ആയുധങ്ങളും 200 ബോംബുകളും പിടികൂടിയിട്ടുണ്ട്.
Leave A Comment