സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും
ഹൈദരാബാദ്: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും. രാജയുടെ പേര് പാര്‍ട്ടി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അംഗീകരിച്ചു. ആദ്യമായാണ് രാജയെ പാര്‍ട്ടി കോണ്‍ഗ്രസ് വഴി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2019ല്‍ സുധാകര്‍ റെഡ്ഡി ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 73കാരനായ രാജ, തമിഴ്നാട്ടില്‍ നിന്നുള്ള നേതാവാണ്.
ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് ഏഴ് പുതുമുഖങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിമാരായ കെ. രാജന്, ജി. ആര്. അനില്‍, പി. പ്രസാദ്, ജെ. ചിഞ്ചു റാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യു തോമസ്, പി. പി. സുനീര്‍ തുടങ്ങിയവര്‍ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സത്യന് മൊകേരി കണ്ട്രോള് കമ്മീഷന് അംഗമായി. ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നുള്ള അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.
ദേശീയ, സംസ്ഥാന ഭാരവാഹികള്‍ക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി തിങ്കളാഴ്ച അംഗീകരിക്കപ്പെട്ടതോടെ കെ. ഇ. ഇസ്മയില്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പുതിയ ദേശീയ കൗണ്‍സിലില്‍ ഇല്ലാതായി.
പന്ന്യന്‍ രവീന്ദ്രന്, വി.എസ്. സുനിൽകുമാർ, എന്‍. അനിരുദ്ധന്, ടി. വി. ബാലന്, സി. എന്‍. ജയദേവന്, എന്‍. രാജന് എന്നിവരും പുതിയ ദേശീയ കൗണ്‍സിലില്‍ ഇല്ല. കണ്ട്രോള് കമ്മീഷന് ചെയര്മാന് സ്ഥാനവും പന്ന്യന്‍ രവീന്ദ്രന് ഒഴിഞ്ഞു.
Leave A Comment