ചോക്ലേറ്റ് മോഷ്ടിച്ചെന്ന് അമ്മയ്‌ക്കെതിരെ പരാതി;മന്ത്രിയുടെ വക സൈക്കിള്‍ സമ്മാനം
തന്റെ ചോക്ലേറ്റ് മോഷ്ടിച്ച അമ്മയ്‌ക്കെതിരെ പരാതി നല്‍കിയ മൂന്ന് വയസുകാരന് സൈക്കിള്‍ സമ്മാനമായി നല്‍കി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര.ഇന്നലെ പൊലീസ് ആണ് മന്ത്രിയുടെ സമ്മാനം കുട്ടിയുടെ വീട്ടില്‍ എത്തിച്ച് നല്‍കിയത്. കുട്ടി ബന്ധുക്കളുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ സൈക്കിള്‍ ഓടിക്കുന്ന വിഡിയോയും മധ്യപ്രദേശ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കിട്ടു.

ഞായറാഴ്ച രാവിലെ, ബുര്‍ഹാന്‍പൂരിലെ ദെദ്തലായിയിലെ പൊലീസ് സ്റ്റേഷനിലെത്തി എസ്‌ഐയോട് കുട്ടി അമ്മയ്ക്കെതിരെ പരാതി പറയുന്ന വീഡിയോ സാമൂഹികമമാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ ചോക്ലേറ്റ് മോഷ്ടിച്ച അമ്മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മൂന്നുവയസുകാരനായ സദ്ദാമിന്റെ ആവശ്യം.സബ് ഇന്‍സ്‌പെക്ടറായ പ്രിയങ്ക നായകിനോടാണ് കുട്ടി കാര്യങ്ങള്‍ വിവരിച്ചത്. പരാതി കേട്ട് ചിരിയടക്കാന്‍ പ്രയാസപ്പെട്ട് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന പ്രിയങ്കയെ വീഡിയോയില്‍ കാണാം. അമ്മയോട് പിണങ്ങിയ സദ്ദാം, കേസുകൊടുക്കാന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. അമ്മ മിഠായി മോഷ്ടിച്ചെന്നും തന്നെ അടിച്ചെന്നുമാണ് അവന്‍ പരാതിയായി പറയുന്നത്.
Leave A Comment