നയപ്രഖ്യാപനത്തിൽ മുഴങ്ങി സതീശന്റെ നെഹ്റുവിയൻ പ്രിയം
മാള: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദർശനങ്ങൾക്ക് നൽകിയ പ്രാധാന്യം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി. നെഹ്റുവിയൻ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ രാഷ്ട്രീയ സമീപനത്തിന്റെ പ്രതിഫലനമായാണ് പ്രസംഗത്തിലെ പരാമർശങ്ങളെ വിലയിരുത്തുന്നത്.
പ്രസംഗത്തിലുടനീളം മൂന്ന് പ്രധാന ഘട്ടങ്ങളിലാണ് ജവഹർലാൽ നെഹ്റുവിനെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ വാക്കുകളെ സർക്കാരിന്റെ വഴികാട്ടിയായി അവതരിപ്പിക്കുകയും ചെയ്തത്. എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യവും സഹകരണവും ഉറപ്പാക്കി സർക്കാർ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ ഗവർണർ, “ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിനേക്കാൾ നല്ലത് ഒന്നിച്ച് ജോലി ചെയ്യുന്നതാണ്, പൊതുനന്മയ്ക്കായി ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് ഏറ്റവും ഉത്തമം” എന്ന നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ചു. കൂട്ടായ പ്രവർത്തനത്തിനും സഹകരണ രാഷ്ട്രീയത്തിനും സർക്കാർ നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാക്കിയത്.
വിദ്യാഭ്യാസ മേഖലയിലെ ആധുനികവൽക്കരണ പദ്ധതികൾ വിശദീകരിക്കുമ്പോൾ സംസ്ഥാനത്ത് “ജവഹർലാൽ നെഹ്റു സയന്റിഫിക് സെന്ററുകൾ” സ്ഥാപിക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ മനോഭാവം സമൂഹത്തിൽ വളർത്തിയെടുക്കണമെന്ന നെഹ്റുവിന്റെ ആശയങ്ങളെ പുതിയ തലമുറയിലേക്ക് പകർന്നുനൽകാനുള്ള ശ്രമമായാണ് ഇതിനെ സർക്കാർ അവതരിപ്പിക്കുന്നത്.
നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗത്തും നെഹ്റുവിന്റെ വാക്കുകൾക്ക് പ്രാധാന്യം നൽകി. “ജനങ്ങൾക്ക് പൂർണ വിശ്വാസമുള്ളപ്പോഴാണ് ഒരു സർക്കാർ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്” എന്ന നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ച ഗവർണർ, ജനവിശ്വാസത്തിലും സുതാര്യതയിലും അധിഷ്ഠിതമായ ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.
സഹകരണ രാഷ്ട്രീയവും ശാസ്ത്രീയ പുരോഗതിയും ജനകേന്ദ്രിത ഭരണവുമെന്ന നെഹ്റുവിയൻ ദർശനങ്ങൾ പുതിയ സർക്കാരിന്റെ നയരേഖയിൽ ശക്തമായി പ്രതിഫലിക്കുന്നുവെന്നതാണ് നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രധാന സവിശേഷതയായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്
Leave A Comment