രാഷ്ട്രീയം

'എനിക്കൊന്നും അറിയില്ല'; അനന്തിരവന്‍റെ ചടുല നീക്കത്തിൽ പകച്ച് ശരദ് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിവില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ.

എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തതിന് ശേഷമാണ് അജിത് പവാർ എൻഡിഎ ക്യാമ്പിലെത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു താൻ അറിഞ്ഞിരുന്നില്ലെന്ന് ശരദ് പവാർ പറഞ്ഞത്.

പ്രതിപക്ഷ നേതാവിന് എംഎൽഎമാരുടെ യോഗം വിളിച്ച് ചേർക്കാൻ അധികാരം ഉണ്ടെന്നും ശരദ് പവാർ പറഞ്ഞു. അതേസമയം, അജിത് പവാറിന്‍റെ നീക്കം ശരദ് പവാറിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. നിലവിൽ പുനെയിലുള്ള ശരദ് പവാർ മുംബൈയിലേക്ക് തിരിച്ചതായാണ് റിപ്പോർട്ടുകൾ.

രാഷ്ട്രീയ അട്ടിമറിക്ക് തൊട്ട് മുൻപ് ഞായറാഴ്ച രാവിലെ അജിത് പവാറിന്‍റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് എൻസിപിയിലെ 53 എംഎൽഎമാരിൽ 13 എംഎൽഎമാരും അജിത് പവാറിനൊപ്പം എൻഡിഎയിൽ ചേർന്നത്.

എന്‍സിപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേലും വിമത നിരയ്ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം. അജിത്തിനൊപ്പം എത്തിയ ഒൻപത് എംഎൽഎമാർക്കും മന്ത്രി പദവിയും നൽകി. ഇവരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.

അജിത്ത് പവാർ കൂടി അധികാരമേറ്റതോടെ മഹാരാഷ്ട്രയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരായി. നിലവിൽ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാണ്.

Leave A Comment