രാഷ്ട്രീയം

കുന്നംകുളത്ത് എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് മോദി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം. പാവങ്ങൾ, മധ്യവർഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂര്‍ കൊള്ളയില്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി തന്നോട് പറഞ്ഞത്.

സിപിഎം മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി നുണ പറയുന്നു. പണം നൽകും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാൽ, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂർത്തിയാക്കി നഷ്ടപ്പെട്ടവർക്ക് വിട്ടു നൽകുന്നതെങ്ങനെ എന്ന് ചർച്ച ചെയ്യുകയാണിപ്പോള്‍. കരുവന്നൂരിൽ വഞ്ചിതരായവർക്ക് പണം തിരിച്ചു നൽകും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു. കോൺഗ്രസിന്‍റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റിൽ മത്സരിക്കാതെ കേരളത്തിലെത്തി. ജയിക്കാൻ നിരോധിത സംഘടനയുമായി കൈകോർക്കും. പക്ഷെ സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം ഇവിടെ രണ്ടു ചേരിയിലെന്ന് പറയുന്നവർ ദില്ലിയിൽ ഒരു പ്ലേറ്റിൽ കഴിക്കുന്നു. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകർക്കുമെന്നറിയാവുന്നതിനാൽ മോദിയാണിവരുടെ ശത്രു.  ഞാൻ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുകയാണെന്നും മോദി പറഞ്ഞു.

സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടൻ ദേവൻ തുടങ്ങിയവരും സംബന്ധിച്ചു.രാഹുൽ വന്നതിനേക്കാൾ കൂടുതൽ വയനാട്ടിൽ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. പിണറായി പറയുമ്പോൾ കോൺഗ്രസ് സമരം നിർത്തിയില്ലെങ്കിൽ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Leave A Comment