രാഷ്ട്രീയം

ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ വാര്‍ റൂം; എം ലിജു ചെയര്‍മാന്‍

തിരുവനന്തപുരം:എഐസിസി മാതൃകയില്‍ കേരളത്തിലും ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം തയാര്‍. എട്ട് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് വാര്‍ റൂമില്‍ ഏകോപിപ്പിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഏകോപനവും കോണ്‍ഗ്രസിന്‍റെ സന്ദേശവും പ്രവര്‍ത്തകരില്‍ എത്തിക്കുന്നതുമാണ് ഇതില്‍ മുഖ്യം. മീഡിയ ഏകോപനം, നിയമസഹായ സംവിധാനം, പരിശീലനം, നയ ഗവേഷണ വിഭാഗം തുടങ്ങിയവയും വാര്‍ റൂമിന്‍റെ ചുമതലകളാണ്. സംസ്ഥാനത്തെ 25177 ബൂത്ത് ഭാരവാഹികള്‍ക്കും ബിഎല്‍എമാര്‍ക്കും പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിന്‍റെ മറ്റൊരു പതിപ്പാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്.

വാര്‍ റൂമിന്‍റെ ചെയര്‍മാനായി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവിനെ കെപിസിസി പ്രസിഡന്‍റ് റ് കെ.സുധാകരന്‍ നിയമിച്ചു. ജെയ്‌സണ്‍ ജോസഫ്, മണക്കാട് സുരേഷ്
എന്നിവരാണ് കോ ചെയര്‍മാന്‍മാര്‍. മുന്‍ ഐഎഎസ് ഓഫീസര്‍ ശശികാന്ത് സെന്തിലാണ് വാര്‍ റൂമിന്‍റെ അഖിലേന്ത്യാ ചെയര്‍മാന്‍.മുഴുവന്‍ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും മുതിര്‍ന്ന നേതാക്കളെയടക്കം കോര്‍ഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തി ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണ് കെപിസിസി രൂപം നല്‍കുന്നത്. സുപ്രധാന പങ്കാണ് കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ളത്. അവരുടെ നേതൃത്വത്തില്‍ ജില്ലാ കോര്‍ഡിനേഷന്‍ സെന്ററുകളും ആരംഭിക്കുമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Leave A Comment