രാഷ്ട്രീയം

ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ സിപിഐയെ മാത്രം പരിഗണിക്കുന്നത് ശരിയായ നടപടിയല്ല ; ആര്‍ജെഡി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ കടുത്ത അമര്‍ഷവുമായി ആര്‍ജെഡി സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആര്‍ജെഡി നേതാക്കള്‍ വ്യക്തമാക്കി. ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി ആര്‍ജെഡിക്ക് നല്‍കി അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങി.

രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ കടുത്ത അമര്‍ഷമാണ് ആര്‍ജെഡി നേതാക്കള്‍ ഉഭയ കക്ഷി ചര്‍ച്ചയില്‍ പ്രകടിപ്പിച്ചത്. എം.വി ശ്രേയാംസ് കുമാറിന്റെ രാജ്യസഭാ കാലാവധി പൂര്‍ത്തിയായപ്പോള്‍ ആ സീറ്റ് സിപിഐക്ക് വിട്ടു നല്‍കിയ കാര്യം ആരും മറക്കരുതെന്ന് ആര്‍ജെഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് ഉഭയ കക്ഷിചര്‍ച്ചയില്‍ പറഞ്ഞു. ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍  സിപിഐയെ മാത്രം പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്നും

നേതാക്കള്‍ വ്യക്തമാക്കി. മറ്റു ഘടകകക്ഷികള്‍ക്ക് കൂടി അവസരം നല്‍കുന്ന കാര്യം സിപിഐഎം പരിഗണിക്കണമെന്നും ആര്‍ജെഡി നേതാക്കള്‍ ആവശ്യപ്പെട്ടു. സീറ്റിനു വേണ്ടിയുള്ള ആര്‍ജെഡിയുടെ പരാതി ഒഴിവാക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാറിന് ക്യാബിനറ്റ് പദവിയോട് കൂടി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാനാണ് സിപിഐഎം നീക്കം.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന് വേണ്ടിയാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന ക്യാബിനറ്റ് റാങ്കുള്ള പദവി കൊണ്ടുവന്നത്.

Leave A Comment