എസ്‌എച്ച്‌ഒ ആർ. രാജേഷിന്റെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം
മാള: മാള സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രാജേഷിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് സിപിഐഎം മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ് ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥലംമാറ്റത്തെ തുടർന്ന് മാള എസ്‌എച്ച്‌ഒയായി ചുമതലയേറ്റ ഉദ്യോഗസ്ഥനാണ് ആർ. രാജേഷ്. കൊല്ലം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ രണ്ട് ദിവസമായി അവധിയിലായിരുന്നു. അവധി കഴിഞ്ഞ് ജൂൺ 10-ന് സ്വന്തം നാട്ടിൽ നിന്ന് മാള പോലീസ് ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയിരുന്നു.
പോലീസ് ക്വാർട്ടേഴ്സ് കോമ്പൗണ്ടിലെ കാടുകൾ തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിക്കൊണ്ടിരുന്ന സമയത്താണ് എസ്‌എച്ച്‌ഒ ക്വാർട്ടേഴ്സിൽ എത്തിച്ചേർന്നത്. ജൂൺ 11-ന് ഡ്യൂട്ടിക്ക് ഹാജരാകാതിരിക്കുകയും വീട്ടിൽ നിന്ന് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടാകാതിരിക്കുകയും ചെയ്തതിനെ തുടർന്ന് നേരിട്ട് ക്വാർട്ടേഴ്സിലെത്തി അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ക്വാർട്ടേഴ്സിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്.
ആർ. രാജേഷിന്റെ മരണം ദുരൂഹ സാഹചര്യത്തിലാണുണ്ടായതെന്ന് ടി.കെ. സന്തോഷ് പറഞ്ഞു. അടുത്ത ദിവസങ്ങളിലായി മാള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ വാർത്തകൾ പ്രാദേശിക ചാനലുകളിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരണവുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും നീക്കി സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ വിശദവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ടി.കെ. സന്തോഷ് ആവശ്യപ്പെട്ടു.
Leave A Comment