അഹങ്കാരവും പക്വതയില്ലായ്മയും; സുരേഷ് ഗോപി ബാധ്യതയായെന്ന് ബിജെപി ജില്ലാ ഘടകം
തൃശൂര്‍: സ്വയം സ്ഥാനാർഥി ചമഞ്ഞ് തൃശൂരിൽ കേന്ദ്രീകരിച്ച നടൻ സുരേഷ് ഗോപി നാൾക്കു നാൾ പാർട്ടിക്ക് ബാധ്യതയാകുന്നെന്ന് ബിജെപി ജില്ലാ കമ്മിറ്റിയിൽ വിമർശനം.ഇങ്ങനെ മുന്നോട്ട് പോയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മൂന്നാം സ്ഥാനത്തെത്താൻ പോലും ഏറെപ്പണിപ്പെടേണ്ടി വരും. ഇക്കാര്യം സംസ്‌ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.അഹങ്കാരവും തൻപ്രമാണിത്തവും പക്വതക്കുറവും രാഷ്ട്രീയ പ്രവർത്തനത്തിന് ചേരില്ലെന്ന പ്രാഥമിക വിവരം പോലുമില്ലാതെയാണ് സുരേഷ് ഗോപിയുടെ ഇടപെടൽ.സുരേഷ്‌ഗോപി 80 ശതമാനം നടനും 20 ശതമാനം രാഷ്ട്രീയക്കാരനുമാണെന്ന് രമേശ് തുറന്നു പറഞ്ഞതും ഇതിന്റെ അടിസ്ഥാനത്തിലാണ്. സിനിമയുടെ പ്രചാരണത്തിന് വന്ന സുരേഷ് ഗോപി രാഷ്ട്രീയം പറഞ്ഞു കുളമാക്കുകയും മാധ്യമ പ്രവർത്തകയെ അപമാനിക്കുകയും ചെയ്തതിലൂടെ പക്വതയില്ലാത്ത നേതാവാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയെന്നും നേതാക്കൾ വിമർശിച്ചു. ഇയാളെ ചുമന്നു നടന്നാൽ വലിയ ദോഷമുണ്ടാകുമെന്നും അഭിപ്രായമുയർന്നു.
കരുവന്നൂർ ബാങ്ക് വിഷയത്തിൽ പദയാത്ര നടത്തി സമൂഹത്തിനു മുന്നിൽ അപഹാസ്യനായി.തളർന്ന് അവശനായി വാഹനത്തിൽ പിടിച്ച് നടക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. മണിപ്പൂരും യുപിയും നോക്കാൻ അവിടെ ആണുങ്ങളുണ്ടെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവന തൃശൂരിൽ വലിയ ചർച്ചയായപ്പോഴാണ് അദ്ദേഹം വരത്തനാണെന്ന വസ്തുത മറക്കരുതെന്ന് ക്രൈസ്തവ സഭക്ക് ഓർമ്മിപ്പിക്കേണ്ടി വന്നത്. തൃശൂരിൽ മത്സരിപ്പിക്കാൻ ബിജെപിക്ക് വേറെ ആണുങ്ങളില്ലേ എന്ന ചോദ്യം നേതൃത്വത്തെ ഉന്നം വച്ചായിരുന്നു.
അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്നും അയ്യനെ കെട്ടിപ്പിടിക്കണമെന്നുമുൾപ്പെടെയുള്ള പ്രസ്താവന ദളിത് മേഖലയിൽ അസംതൃപ്തിയുണ്ടാക്കി.അതിലൂടെ തന്റെ സവർണ്ണ മനോഭാവമാണ് അദ്ദേഹം വ്യക്തമാക്കിയത്. അത് ഉത്തരേന്ത്യയിലേ ചെലവാകൂവെന്നും യാഥാർഥ്യം സുരേഷ് ഗോപി മറന്നുവെന്നും ചിലർ യോഗത്തിൽ തുറന്നടിച്ചു.
Leave A Comment