വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു
കൽപറ്റ: വയനാട് സിപിഎമ്മിൽ വൻ പൊട്ടിത്തെറി. വയനാട്ടിലെ മുതിർന്ന നേതാവ് എ.വി. ജയൻ സിപിഎം വിട്ടു. മുൻ പുൽപ്പള്ളി ഏരിയ കമ്മിറ്റി അംഗമായ എ.വി. ജയനെ പുൽപ്പള്ളി ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. സിപിഎമ്മിൽ തുടർന്ന് പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് എ.വി. ജയൻ പ്രതികരിച്ചു.
ജില്ലാ സമ്മേളനം മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു. 35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണമായി സമർപ്പിച്ചു. പാർട്ടിയിൽ ഭീഷണിയുടെ സ്വരത്തിൽ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാൻ ചിലർ കോൺഗ്രസ് നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും ജയൻ വിമർശിക്കുന്നു. ആസൂത്രിതമായ അട്ടിമറികൾ സിപിഎമ്മിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂതാടി പഞ്ചായത്ത് അംഗമായി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. പാർട്ടിയുടെ സംഘടന സംവിധാനങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ്. അവഗണനയെ തുടർന്നാണ് മാറി നിൽക്കുന്നത്. സിപിഎം പോലൊരു പാർട്ടി സമൂഹത്തിൽ അനിവാര്യതയാണ്.
വർഗീയത ശക്തിപ്പെട്ടിരിക്കുന്ന കാലത്ത് പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. കോൺഗ്രസ് സമീപിച്ചു. ഞാൻ അവരോട് നന്ദി പറഞ്ഞു. നിലവിൽ മറ്റു പാർട്ടികളിലേക്ക് പോവില്ല. രാഷ്ട്രീയ വനവാസം തീരുമാനിച്ചിട്ടില്ലെന്നും ജയൻ പറഞ്ഞു.
Leave A Comment