എൽഡിഎഫില്‍ ചേര്‍ന്നത് രാഷ്ട്രീയ തീരുമാനം; മുന്നണി മാറ്റമില്ല: ജോസ് കെ. മാണി
കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്‍റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്‌ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്‍റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്‍റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.
പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Leave A Comment