രാഹുലിന്റെ രാജി കോൺഗ്രസ് ആവശ്യപ്പെടണം, മുകേഷിനെതിരേ സമാന പരാതിയല്ല: LDF
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി കോൺഗ്രസ് പാർട്ടി ആവശ്യപ്പെടണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എംഎൽഎയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കുകയാണ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ടും എംഎൽഎ സ്ഥാനത്ത് തുടരുന്നതിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിന്റെ വികൃത മുഖമാണ് പ്രകടമായിരിക്കുന്നത്.
പൊതുസമൂഹത്തിന് മാതൃകയാകുന്ന തരത്തിലുള്ള നടപടിയാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരുന്നത്. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതികാരിയെ കേൾക്കണമായിരുന്നു. കോൺഗ്രസിന്റെ നിലപാടിൽ സംശയമുണ്ടെന്നും അത് ദൂരീകരിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
അതേസമയം സിപിഎം എംഎൽഎയായ എം. മുകേഷുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൽ പാർട്ടി എന്ത് നടപടി സ്വീകരിച്ചുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുകേഷിന്റേത് സമാനമായ പരാതിയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.
പോലീസിന്റെ പ്രവർത്തനത്തെ പ്രശംസിച്ച എൽഡിഎഫ് കൺവീനർ ഒരു കുറ്റവാളിയെയും രക്ഷപെടാൻ സർക്കാർ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Leave A Comment