ബിജെപിക്ക് വേണ്ടത് മുസൽമാനായ ഹിന്ദുവിനെയല്ലെന്ന് രാമസിംഹൻ
കോഴിക്കോട്: ബിജെപിയിൽ നിന്ന് രാജി വച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ(അലി അക്ബർ).
മുസൽമാനായ ഹിന്ദുവിനെയല്ല ബിജെപിക്ക് ആവശ്യമെന്നും കൂടുതൽ മുസ്ലിംകളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ കെൽപ്പുള്ള അബ്ദുള്ളക്കുട്ടിയെ പോലുള്ളവരെയാണ് ആവശ്യമെന്നും രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചു.
തന്നോട് ഇക്കാര്യം പറഞ്ഞ് ബിജെപിയിലെ ഒരു ഉന്നത നേതാവാണെന്നും ഏത് നേതാവാണ് ഇത് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും രാമസിംഹൻ പറഞ്ഞു.
മതം മാറി രാമസിംഹൻ എന്ന പേര് സ്വീകരിക്കുന്നതിന് മുന്പാണ് തനിക്ക് ഈ അനുഭവമുണ്ടായത്. തന്നെ പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ കരുവാക്കാൻ ശ്രമിക്കേണ്ടെന്നും സ്ഥാനമോഹിയായി ചിത്രീകരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജിവയ്ക്കുന്ന കാര്യം താൻ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഇത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ചോർന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
താൻ ഇടതുപക്ഷത്തേക്ക് പോകുമെന്ന വ്യാജ പ്രചാരണം പാർട്ടിയിൽ നിന്ന് പോലും ഉയർന്നപ്പോഴാണ് ഇത്തരം പോസ്റ്റുമായി രംഗത്ത് വരേണ്ടി വന്നതെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു.
Leave A Comment