രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി: മുഖ്യമന്ത്രി
തൃശൂർ: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിലനില്‍ക്കുമ്പോള്‍ അറസ്റ്റ് ചെയ്യാറില്ല. തീരുമാനം വരുന്നത് വരെ കാക്കുന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ല. മനഃപൂർവം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ തനിക്കെതിരേയുള്ള കേസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ നൽകി ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്.
ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐഎസിലെ ആരോപണങ്ങള്‍ ബലാത്സംഗത്തിന്റെ നിര്വചനത്തിൽപ്പെടുന്നതല്ല. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്ന ആരോപണം കേസിന്റെ വസ്തുതകള്‍ വഴിതെറ്റിക്കാനുള്ള പോലീസിന്റെ ശ്രമമാണ്. അതു തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ടെന്നുമാണ് രാഹുലിന്റെ ഹര്‍ജിയില്‍ പറയുന്നത്.
Leave A Comment