പ്രധാന വാർത്തകൾ

കുഴൂരില്‍ കാണാതായ ആറുവയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്, 20-കാരൻ കസ്റ്റഡിയിൽ

മാള: കുഴൂരില്‍ കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഇരുപതുകാരൻ കസ്റ്റഡിയിൽ. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്.

കുട്ടിയെ ഇന്ന് വൈകുന്നേരം മുതലായിരുന്ന കാണാതായത്. പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് വൈകുന്നേരം ആറുമണിക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പരിഭ്രമിച്ച് പോലീസില്‍ വിവരമറിയിച്ചത്.

കളികഴിഞ്ഞ് ഏബല്‍ നേരത്തേ വീട്ടിലേക്ക് മടങ്ങി എന്നായിരുന്നു കൂടെകളിച്ചിരുന്ന മറ്റ് കുട്ടികള്‍ പോലീസിന് നല്‍കിയ മൊഴി.കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ ഏബല്‍ സ്ഥലത്തെ ഒരു യുവാവുമായി റോഡില്‍ ഓടിക്കളിക്കുന്നതായുള്ള ദൃശ്യമായിരുന്നു അവസാനമായി ലഭിച്ചത്. ഈ യുവാവുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇയാളെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


Leave A Comment