പ്രധാന വാർത്തകൾ

ബബിയ ഇനിയില്ല; ക്ഷേത്രക്കുളത്തിലെ മുതല ഓര്‍മ്മയായി

കാസർഗോഡ്: കുമ്പള അനന്തപുരം ശ്രീ അനന്തപത്മനാഭ തടാക ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ മുഖ്യ ആകര്‍ഷണമായ ബബിയ എന്ന മുതല ഓര്‍മ്മയായി.പതിറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള കുളത്തില്‍ കഴിഞ്ഞു വരികയായിരുന്നു ബബിയ.

ക്ഷേത്ര ജീവനക്കാര്‍ സസ്യാഹാരങ്ങള്‍ മാത്രമാണ് ബബിയക്ക് നല്‍കിയിരുന്നത്. ക്ഷേത്രത്തിലെ കാര്‍മ്മികന്‍ ചോറുമായി കുളക്കരയിലെത്തിയാല്‍ ബബിയ വെള്ളത്തിനടിയില്‍ നിന്നും പൊങ്ങിവന്ന് ഇട്ടു കൊടുക്കുന്ന ചോറുരുളകള്‍ കഴിക്കും. ക്ഷേത്ര പരിസരം വിജനമായാല്‍ കരക്കു കയറി പ്രധാന വീഥിയിലൂടെ ക്ഷേത്ര മുറ്റത്തും ശ്രീകോവിലിലും മറ്റും ഇഴഞ്ഞെത്തും. ഒരു വര്‍ഷം മുൻപ് സന്ധ്യാ പൂജ സമയത്ത് ശ്രീകോവിലില്‍ ഇഴഞ്ഞെത്തിയ ബബിയയുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഞായറാഴ്ച രാത്രിയോടെയായിരുന്നു ബബിയയുടെ അന്ത്യം. ബബിയയുടെ വിയോഗം ക്ഷേത്ര ജീവനക്കാരെയും ഭക്തരെയും ദുഃഖിതരാക്കി.

Leave A Comment