ശബരിമലയിലേത് 500 കോടിയുടെ സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തല
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി എസ്‌ഐടിക്ക് കത്തു നല്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബില്‍ മീറ്റ് ദ് ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദേഹം. ശബരിമലയുമായി ബന്ധപ്പെട്ടു 500 കോടിയുടെ കൊള്ളയാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.
മോഷ്ടിച്ച സ്വര്‍ണം പുരാവസ്തു എന്ന പേരില്‍ അന്താരാഷ് ട്ര മാര്‍ക്കറ്റില്‍ വിറ്റതായിട്ടാണ് തനിക്കു ലഭിച്ചിരിക്കുന്ന അറിവ്. പുരാവസ്തുക്കള്‍ക്കു വലിയ മൂല്യമാണുള്ളത്. ഇവയ്ക്കു വിലമതിയ്ക്കാനാവില്ല. ഇത്തരം മാഫിയയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇക്കാര്യങ്ങളെല്ലാം എസ്‌ഐടി അന്വേഷിക്കണം.
തനിക്കു ശബരിമലയുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ഒരു വ്യവസായില്‍ നിന്നാണ് ലഭിച്ചത്. ഇക്കാര്യങ്ങളാണ് എസ്‌ഐടിയ്ക്കു കൈമാറുന്നതെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതോടെ വന്‍ സ്രാവുകള്‍ പുറത്തുവരുമെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്‍റെ പക്കലില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ വിവരങ്ങള്‍ തനിക്കു നല്കിയ വ്യക്തിയുടെ പേര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തില്ല. എസ്‌ഐടി വിവരങ്ങള്‍ നല്കാന്‍ തന്നോടു വിവരങ്ങള്‍ വെളിപ്പെടുത്തിയ വ്യക്തി തയാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ കൊള്ളയില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്‍റെത്.
സിപിഎമ്മിലെ രണ്ടു നേതാക്കള്‍ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും സിപിഎം തയാറായിട്ടില്ല. അതിനാല്‍ പാര്‍ട്ടി അറിഞ്ഞു നടത്തിയ കൊള്ളയാണോ എന്നു സംശിക്കണം. കേസില്‍ അറസ്റ്റിലായ പത്മകുമാര്‍ പലതും തുറന്നു പറഞ്ഞേക്കുമോ എന്ന ഭയം മൂലമാണ് പാര്‍ട്ടി അയാള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത്.
ദേവസ്വം മന്ത്രി വി.എൻ. വാസവനും മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്വര്‍ണകൊള്ളയില്‍ പങ്കുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതോടെ പുതിയ വിവരങ്ങള്‍ വെളിച്ചത്തു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു അനുകൂല തരംഗമാണ്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. അഴിമതി, കൊള്ള, സ്വജനപക്ഷപാതം എന്നിവയാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്രയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എംപിമാർ കേന്ദ്രത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ല. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എംപി ദല്ലാളായിട്ടാണു പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തിലെ സിപിഎം- ബിജെപി അന്തര്‍ധാര പുറത്തുവന്നിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Leave A Comment