വഴിത്തിരിവുകള്‍

ഹെവി ഏജിലും ഹെവിഡ്രൈവിങ്ങില്‍ തിളങ്ങി രാധാമണി

വഴിത്തിരിവുകൾ   

ട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ വിവാഹിതയും അമ്മയുമായ രാധാമണി എന്ന പെണ്‍കുട്ടി വീട്ടമ്മയായി ഒതുങ്ങാതെ ഭര്‍ത്താവിന്‍റെ ഡ്രൈവിങ്ങ് സ്കൂള്‍ നോക്കി നടത്താനും സ്വന്തമായി ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങാനും സൈക്കിള്‍ ബാലന്‍സ് പോലും ഇല്ലാതിരുന്നിട്ടും രണ്ട് മൂന്ന് നാല് ചക്രങ്ങള്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കാനും അത്യാവശ്യം അഴിച്ചു പണിയാനും, ഒടുവില്‍ ഓട്ടോ മൊബൈല്‍ ഡിപ്ലോമക്കുള്ള പരീക്ഷ എഴുതാനും തയ്യാറായി. രാധാമണിയില്‍ നിന്നും മണിച്ചേച്ചിയായി വളരാനും ഉയരാനും സ്ത്രീ  ശാക്തീകരണത്തിന്‍റെ ഉത്തമ മാതൃകയാകാനും കഴിഞ്ഞ അവര്‍ പിന്നിട്ട ജീവിത വഴികളിലൂടെ.

പതിനേഴാം വയസില്‍ വാഹനങ്ങളുടെ ലോകത്തേക്ക് 
തിനേഴാം വയസില്‍ പത്താം തരം പരീക്ഷ  എഴുതി റിസള്‍ട്ട് വരുന്നതിനു മുമ്പ് ചേര്‍ത്തല അരുക്കുറ്റിയില്‍ നിന്ന് കൊച്ചി തോപ്പുംപടിയിലേക്ക് പറിച്ചു നടപ്പെട്ട എനിക്കിപ്പോള്‍ വയസ് എഴുപത്തൊന്ന്.
 



അച്ഛന്‍ കുഞ്ഞനും അമ്മ ജാനകിയും 4 സഹോദരങ്ങളും അടങ്ങിയതായിരുന്നു കുടുംബം. ഞാന്‍ പഠിച്ചത് പത്താം തരം വരെ. പരീക്ഷ കഴിഞ്ഞതും വിവാഹവും കഴിഞ്ഞു. ഭര്‍ത്താവ് ലാലന്‍. ഞാന്‍ ഏഴാം തരത്തില്‍ പഠിക്കുമ്പോഴേ പെണ്ണു കാണാന്‍ വന്ന വ്യക്തിയായിരുന്നു ലാലന്‍ ചേട്ടന്‍. അത് മറ്റൊന്നുമല്ല. എന്‍റെ അച്ഛനും ലാലന്‍ ചേട്ടന്‍റെ  അച്ഛനും പരിചയക്കാരായിരുന്നു. അങ്ങനെ വിവാഹം പത്താം ക്ലാസ് കഴിഞ്ഞ് മതി എന്ന തീരുമാനത്തിലെത്തി. പതിനേഴാം വയസില്‍ യൂണിഫോമില്‍ നിന്ന് കുടുംബിനിയുടെ വേഷമണിഞ്ഞു. പതിനെട്ടാം വയസില്‍ അമ്മയുമായി. അത്യാവശ്യം മാത്രം ബസിലും വഞ്ചിയിലും കയറിയിട്ടുള്ള ഞാന്‍ എത്തിപ്പെട്ടത് വണ്ടികളുടെ ലോകത്തായിരുന്നു. ഡ്രൈവിംഗ് സ്കൂളും ബസ് ലോറി, സര്‍വീസുമൊക്കെയായിരുന്നു ലാലന്‍ ചേട്ടന്‍റെ ജോലി. എന്നാല്‍ അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും അടുക്കളയും വീടുമായിരുന്നു എന്‍റെ ലോകം. ഇരുപത്തിമൂന്ന് വയസായപ്പോള്‍ കൂടെ മൂന്ന് മക്കളുമായി.

വളയിട്ട കൈകള്‍ വളയം പിടിക്കുമ്പോള്‍
സൈക്കിള്‍ പോലും ഓടിക്കാന്‍ എനിക്കറിയുമായിരുന്നില്ല. എനിക്ക് മുപ്പത്തി ഒന്ന് വയസാകുമ്പോഴാണ് ലാലന്‍ ചേട്ടന്‍ എന്നെ കാറോടിക്കാന്‍ പഠിപ്പിക്കുന്നത്. കൂട്ടിന് ഭര്‍ത്താവിന്റെ അനുജന്‍റെ ഭാര്യയും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ  നിര്‍ബന്ധത്താല്‍ കാറോടിക്കാന്‍ പഠിച്ചു. ഫോര്‍ വീലര്‍ ലൈസന്‍സെടുത്ത് മൂന്നു വര്‍ഷം കഴിഞ്ഞാലേ  അന്ന് ഹെവി ലൈസന്‍സ് എടുക്കാന്‍ അനുവദിക്കുകയുള്ളൂ. കേരളത്തില്‍ ഹെവി ലൈസന്‍സ് അനുവദിച്ചിരുന്നില്ല. അതിന് മംഗലാപുരം പോകണമായിരുന്നു. കേരളത്തിലും ഹെവി ലൈസന്‍സ് അനുവദിക്കണമെന്നു പറഞ്ഞ് ലാലന്‍ ചേട്ടന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. എന്‍റെയും ലാലന്‍ ചേട്ടന്‍റെ അനുജന്റെയും പേരിലാണ് കേസ് കൊടുത്തത്. എന്‍റെ പേരില്‍ അനുമതി ലഭിച്ചു.




ഡ്രൈവിംഗ് എനിക്കു ഹരമായി. ബസ്,ലോറി,ട്രെയിലര്‍ റോഡ്‌ റോളര്‍, ജെസിബി ക്രെയിന്‍ തുടങ്ങി ഒന്നൊന്നായി പഠിച്ച് ലൈസന്‍സ് എടുത്തു. ആദ്യമായി സ്കൂട്ടര്‍ ഓടിച്ചത് 1993 -ല്‍ ആണ്. ഇപ്പോഴും സ്കൂട്ടര്‍ തന്നെ കൂട്ട്. ഇതൊന്നും  ഒറ്റയടിക്ക് പഠിച്ചതല്ല. ഒന്നൊന്നായി സാവകാശം പഠിക്കുകയായിരുന്നു. അതിനു ശേഷം എന്‍റെ പേരിലും ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങി.
വാഹനങ്ങളുടെ പാതയിലേക്ക് കുടുംബവും
നിച്ചതു മുതല്‍ മക്കളും വണ്ടികളും വര്‍ക്ക്ഷോപ്പും കണ്ട് വളര്‍ന്നപ്പോള്‍ അവയുടെ താല്‍പര്യവും അങ്ങോട്ട്‌ ചാഞ്ഞു. എന്നാല്‍ ഞാന്‍ അതിനെ എതിര്‍ത്തു. പത്താം തരം  വരെ മാത്രം പഠിച്ച എനിക്ക് കോളജിലെ ഉയര്‍ന്ന പഠിപ്പും ജോലിയും വലിയ കാര്യമായാണ് തോന്നിയത്. എന്നാല്‍ അതൊക്കെ വിഫലമായി. മക്കള്‍ പഠിച്ചെങ്കിലും അവരുടെ ജീവിത യാത്ര വണ്ടിയുടെ വഴിയിലൂടെയായിരുന്നു.



രണ്ട് ആണ്‍മക്കളും മകളും ഡ്രൈവിംഗ് സ്കൂള്‍ തുടങ്ങി. ക്രെയിന്‍ അടക്കം എല്ലാ വണ്ടികളുടെയും ലൈസന്‍സും സ്വന്തമാക്കി. മരുമക്കളും ഇതേ പാതയിലേക്ക് തന്നെ തിരിഞ്ഞു. കൊച്ചു മക്കളും ഓരോരുത്തരായി വണ്ടിയുടെ ലോകത്തേക്ക് തന്നെ പോകുന്നു. 

എന്‍റെ ജീവിതം ഇങ്ങനെ ആയിത്തീരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പതിനേഴില്‍ നിന്ന് എഴുപത്തി ഒന്നില്‍ എത്തി നില്‍ക്കുമ്പോള്‍ ഓര്‍ക്കാനുള്ളത് നേട്ടങ്ങള്‍ മാത്രം. നാലഞ്ച് വര്‍ഷം മുമ്പ് വരെ അമ്മയെ കാണാന്‍ ചേര്‍ത്തലക്ക് ടൂ വീലറിലോ ഫോര്‍ വീലറിലോ ഒറ്റയ്ക്കായിരുന്നു എന്‍റെ യാത്ര. എല്ലാ ആഴ്ചയും അമ്മയുടെ കൂടെ രണ്ട് ദിവസം താമസിക്കും. ഡ്രൈവിംഗ് പഠിച്ചില്ലായിരുന്നെങ്കില്‍ ഒരിക്കലും അത് സാധ്യമാകുമായിരുന്നില്ല. നാല് വര്‍ഷം മുമ്പാണ് അമ്മ മരിച്ചത്. അതിനു മുമ്പേ അച്ഛനും പോയി.

പഠനത്തിന് പ്രായം ഒരു തടസമല്ല 
പ്പോഴും ക്ഷേത്രങ്ങളില്‍ പോകാനും കടകളില്‍ പോകാനും എന്‍റെ യാത്ര ഇരു ചക്ര വാഹനത്തില്‍ തന്നെ. പലരും അടുത്തു വന്ന് മണിയമ്മ ഞങ്ങളുടെ പ്രചോദനമാണെന്ന് പറയാറുണ്ട്‌. രാധാമണിയായി വന്ന ഞാന്‍ എല്ലാവര്‍ക്കും മണിച്ചേച്ചിയായി. പ്രായം തലമുടിയില്‍ പ്രകടമായപ്പോള്‍ മണിയമ്മയായി. വണ്ടി ഓടിക്കാന്‍ മാത്രമല്ല അത്യാവശ്യം മെക്കാനിസവും പഠിച്ചിട്ടുണ്ട്. ടയര്‍ മാറാനും എന്താണ് വണ്ടിക്ക് പ്രശ്നമെന്ന് കണ്ട് പിടിക്കാനും ഒരു പരിധി വരെ പറ്റും. പുതിയ വണ്ടികളില്‍ അത്ര പരിചയം പോരാ. ഇപ്പോള്‍  അപൂര്‍വ്വമായേ  ഡ്രൈവിംഗ് സ്കൂളില്‍  പോകാറുള്ളൂ. ഓഫീസ് വര്‍ക്ക് മാത്രം ചെയ്യും. അതിനു വേണ്ടി കമ്പ്യൂട്ടറും പഠിച്ചു. പ്രായം പഠനത്തിന് ഒരു തടസമല്ല എന്ന് മനസിലായി. രണ്ട് ദിവസം മുമ്പ് കളമശ്ശേരിയില്‍ ഓട്ടോ മൊബൈല്‍ ഡിപ്ലോമ എടുക്കാന്‍ ചേര്‍ന്നിട്ടുണ്ട്. പഠിച്ച് അത് കൂടി നേടണം.  ജവര്‍ ക്രെയിനില്‍ ഇത് വരെ കേറിയിട്ടില്ല. അതും ഒരു കൈ നോക്കണം. 




 2004 -ല്‍  അപ്രതീക്ഷിതമായി ലാലന്‍ ചേട്ടന്‍ മരിച്ചു. രാവിലെയുള്ള നടത്തം ഞങ്ങള്‍ക്ക് പതിവുള്ളതാണ്. നടക്കുന്ന സമയത്ത്  ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മുകളില്‍ പോയി താഴെ വന്ന് വീഴുന്നത് കണ്‍ മുമ്പില്‍  കണ്ടു. കുട്ടികള്‍ക്ക് വളരെ ശ്രദ്ധയോടെ പഠിപ്പിച്ചും പറഞ്ഞു കൊടുത്തും  വര്‍ഷങ്ങളായി ഡ്രൈവിംഗ് സ്കൂള്‍ നടത്തിയ ലാലേട്ടന്റെ മരണം ഒരു വാഹനമിടിച്ച് സംഭവിച്ചതില്‍ അതിയായ ദുഖമുണ്ട്.



ഇന്ന് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന്  കാരണം ലാലേട്ടനും അദ്ദേഹത്തിന്‍റെ അനുജനും പിന്നെ എന്‍റെ മക്കളുമാണ്. ഇനിയും വണ്ടികളുടെ ലോകത്ത് തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം. ഇനിയും എന്തെങ്കിലും പഠിക്കാന്‍ കഴിയുമെങ്കില്‍ പഠിച്ചെടുക്കുകയും വേണം.

തയ്യാറാക്കിയത് ഉമ ആനന്ദ്

Leave A Comment