വഴിത്തിരിവുകള്‍

തലമുറകളുടെ ഗുരുനാഥൻ മനസ്സ് തുറക്കുന്നു

നവതി കഴിഞ്ഞിട്ടും വിശ്രമമില്ലാതെ എഴുത്തും പ്രസംഗവും ഉദ്ഘാടനവുമായി ഓടി നടക്കുന്ന ഒരാളെ ഇപ്പോള്‍ കേരളത്തിലുള്ളൂ. ആയിരം ഉറുപ്പിക ശമ്പളമുള്ള ജോലി വേണ്ടെന്നു വച്ച് അറുപത് രൂപ ശമ്പളമുള്ള   അദ്ധ്യാപകവൃത്തി 
സ്വീകരിച്ച അദ്ദേഹത്തിന് ലോകമെങ്ങും ശിഷ്യരാണ്. ഒരാള്‍ക്ക്‌ ഒരിക്കലേ ആത്മഹത്യ ചെയ്യാനാവൂ എന്ന കാരണം പറഞ്ഞ് രണ്ടാമതും എം.എല്‍.എ ആവാനുള്ള അവസരം വേണ്ടെന്നു വച്ച ഒരാളേ കേരളത്തിലുള്ളൂ . മലയാളത്തിന്റെയും മലയാളിയുടെയും അഭിമാനമായ എം.കെ. സാനു മാഷ്‌ താന്‍ പിന്നിട്ട വഴികള്‍ ഓര്‍ത്തെടുക്കുന്നു.

ഞാന്‍ തിരഞ്ഞെടുത്ത  വഴി അധ്യാപനമായിരുന്നു

എന്‍റെ ഒന്‍പത് പതിറ്റാണ്ട് കാലത്തെ ജീവിതത്തിനിടയില്‍ വഴിത്തിരിവ് എന്ന് പ്രത്യേകമായി എടുത്തു പറയാന്‍ മാത്രം അധികം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.എന്നാല്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടു താനും 
ഞാന്‍ തിരഞ്ഞെടുത്ത  വഴി അധ്യാപനമായിരുന്നു.കാരണം എനിക്കിഷ്ടപ്പെട്ടത് അതു മാത്രമായിരുന്നു.ആലപ്പുഴയിലും തിരുവനന്തപുരത്തുമായിരുന്നു പഠനം. പഠിക്കുന്നതോടൊപ്പം അവധി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ധരാളം സിനിമകളും കാണാറുണ്ടായിരുന്നു.ഇംഗ്ലീഷും മലയാളവും ഹിന്ദിയും കണ്ടിരുന്നു.



എം.എ പൂര്‍ത്തിയാക്കി അദ്ധ്യാപകനായി.അതിനിടയില്‍ സെനറ്റ് മെമ്പറാകാന്‍ പലയിടങ്ങളില്‍ നിന്നും പ്രലോഭനങ്ങള്‍ ഉണ്ടായി.ഞാന്‍ പോയില്ല. എന്‍റെ വഴി ഞാന്‍ തിരഞ്ഞെടുത്തു. കഴിഞ്ഞിരുന്നല്ലോ അന്ന് 60 രൂപയാണ് ശമ്പളം.ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും അഡ്മിഷന്‍ വന്നതാണ് അതും വേണ്ടെന്ന് വച്ചു. അവിടെ ശമ്പളം ആയിരം രൂപയാണ് ഞാന്‍ 60 മതിയെന്ന് തീരുമാനിച്ചു.

ആ പ്രസംഗം വഴിത്തിരിവായി

എംഎക്ക് പഠിക്കുന്ന സമയം തിരുവനന്തപുരത്ത്  ഒരു പരിപാടിയില്‍ പ്രസംഗിച്ചു. വലിയ പരിപാടി വലിയ വലിയ ആളുകള്‍. സാഹിത്യത്തിലെ പരീക്ഷണമായിരുന്നു വിഷയം. എല്ലാവരും സാഹിത്യത്തിലെ പരീക്ഷണത്തെ കശക്കി കളയുകയായിരുന്നു. ഞാന്‍ പരീക്ഷണം തീര്‍ച്ചയായും നല്ലതാണെന്ന് പറഞ്ഞ് പ്രസംഗിച്ചു. വാള്‍ട്ട് വിറ്റ്‌മാനെ ഉദാഹരണമാക്കി ക്കൊണ്ടാണ് ഞാന്‍ സംസാരിച്ചത്. 



പരിപാടിയില്‍ കൌമുദി പത്രാധിപരായ കെ.ബാലകൃഷ്ണനും ഉണ്ടായിരുന്നു. പ്രസംഗം അവസാനിച്ചപ്പോള്‍ ഇത് ഞങ്ങള്‍ക്ക് എഴുതിത്തരാമോ എന്ന് ചോദിച്ചു.അതിനെന്താ എഴുതി ത്തരാമെന്ന്  പറഞ്ഞ് ഞാന്‍ പ്രസംഗിച്ച വിഷയം അതുപോലെ എഴുതിക്കൊടുത്തു.

അത് പ്രസിദ്ധീകരിച്ചു വന്നയുടനെ യു സി കോളേജ് പ്രൊഫസറും എഴുത്തുകാരനുമായ കുറ്റിപ്പുഴ കൃഷ്ണപിള്ള ആരാണ് എം.കെ. സാനു എന്ന് അന്വേഷിച്ചിരുന്നു. പ്രസംഗവും എഴുത്തും ഒരേപോലെ വന്ന ആദ്യ സംഭവമായിരുന്നു അത്.വഴിത്തിരിവെന്നും പറയാം.


ശിഷ്യ സമ്പത്തു തന്നെയാണ്  ഏറ്റവും വലിയ സന്തോഷവും സമ്പത്തും

എണ്ണിയാല്‍ തീരാത്ത  ശിഷ്യ സമ്പത്ത് എനിക്കുണ്ട്.അതില്‍ പല മേഖലയില്‍ ഉള്ളവരും ഉള്‍പ്പെടും. എന്റെ ശിഷ്യ സമ്പത്തു തന്നെയാണ് എന്‍റെ ഏറ്റവും വലിയ സന്തോഷവും സമ്പത്തും. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഞാന്‍ സ്വന്തം കാശ് മുടക്കി വസ്ത്രങ്ങള്‍ വാങ്ങിയിട്ട് .വസ്ത്രങ്ങള്‍ മാത്രമല്ല മോരു കറി മുതല്‍ മീന്‍ കറി  വരെ ശിഷ്യര്‍ വീട്ടില്‍ കൊണ്ടുതരും. ഞാന്‍ പഠിപ്പിച്ചിരുന്ന ഓരോ വിദ്യര്‍ത്ഥിയെയും ഞാന്‍മകനെയോ മകളെയോ പോലെയാണ് കണ്ടിരുന്നത്. അതു കൊണ്ട് തന്നെ അവരുടെ പെണ്ണ് കാണല്‍ ചടങ്ങില്‍ പോലും എന്നെ ഉള്‍പ്പെടുത്തിയിരുന്നു.


പഠിപ്പിക്കുക ,പുസ്തകമെഴുതുക,പ്രസംഗിക്കുക ഇതാണ് എന്റെ ലോകം.അതിനിടയിലാണ് ഒരു തവണ ഇലക്ഷന് മത്സരിച്ച് ജയിച്ചത്. അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും മത്സരിക്കാന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ക്ക്  ഒരു തവണയേ പറ്റൂ എന്നാണ് ഞാന്‍ പറഞ്ഞത്.തിരഞ്ഞെടുപ്പിന് നിന്നത് ഒരു വഴിത്തിരിവാണെങ്കിലും ഞാന്‍ എന്റെ മേഖലയിലേക്ക് തന്നെ തിരി ച്ചുവന്നു. ഇപ്പോഴും എഴുത്തും പ്രസംഗവുമായി ജീവിതത്തിന്‍റെ തിരക്കില്‍പെട്ട് മുമ്പോട്ട് പോയ്ക്കൊണ്ടിരിക്കുന്നു.
എനിക്ക് കൊവിഡ്  ബാധിച്ചപ്പോള്‍ ഫോണിന് വിശ്രമമില്ലായിരുന്നു. സ്നേഹിക്കാന്‍ ഒരുപാട് പേരുണ്ടെന്ന് അറിയുമ്പോഴുണ്ടാകുന്ന സന്തോഷം ചെറുതല്ല  സന്ധ്യയില്‍ ഇപ്പാള്‍ ആളൊഴിഞ്ഞ നേരമില്ല.അതുകൊണ്ട് തന്നെ ഞാനും എപ്പോഴും തിരക്കിലാണ്.

തയ്യാറാക്കിയത് : ഉമ ആനന്ദ് 





Leave A Comment