സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്; മുകുള്‍ റോഹ്തഗിയുടെ സംഘവുമായി ചര്‍ച്ച നടത്തി
ന്യൂഡൽഹി: ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ നടന്‍ സിദ്ദിഖിന്റെ അഭിഭാഷകന്‍ സുപ്രീം കോടതി അഭിഭാഷകരുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയുടെ സംഘവുമായാണ് ചര്‍ച്ച നടത്തിയത്. സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നതിലാണ് കൂടിയാലോചന. ഇന്നോ നാളെയോ ഹർജി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
അതിജീവിത പരാതി നല്‍കാന്‍ വൈകിയതുള്‍പ്പെടെ സൂപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് നീക്കം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ഉത്തരവിൽ രൂക്ഷ വിമർശനമാണ് സിദ്ദിഖിനും സംസ്ഥാന സർക്കാരിനും എതിരെയുള്ളത്.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന സിദ്ദിഖിന്റെ വാദം അനാവശ്യമെന്ന് ഹൈക്കോടതി വിമർശിച്ചു. ലൈംഗിക അതിക്രമത്തിനിരയായി എന്നത് വെച്ച് പരാതിക്കാരിയുടെ സ്വഭാവത്തെ വിലയിരുത്തരുത്. പരാതിക്കാരിയുടെ അതിജീവനമാണ് പരിഗണിക്കേണ്ടത്. പരാതിക്കാരിയെ ആക്രമിക്കുന്നത് നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും ഹൈക്കോടതി വിലയിരുത്തി.
Leave A Comment