സിനിമ

'നിവിൻ പോളി സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം വ്യാജം'; വിശദീകരണവുമായി 'ബേബി ​ഗേൾ' സംവിധായകൻ

കൊച്ചി: നിവിന്‍ പോളി 'ബേബി ഗേള്‍' സിനിമയുടെ സെറ്റില്‍നിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം ശരിയല്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ. തന്റെ സിനിമയില്‍ പറഞ്ഞ ഡേറ്റുകളില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നു. അതിന് ശേഷം നിവിന്‍ ചിത്രത്തില്‍നിന്ന് വിടുതല്‍ വാങ്ങിയിട്ടുണ്ട്. മറ്റേതെങ്കിലും സിനിമയില്‍ അഭിനയിക്കാനാണോ പോയത് എന്ന കാര്യം തങ്ങള്‍ ചിന്തിക്കേണ്ടതില്ലെന്നും അരുണ്‍ വര്‍മ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തങ്ങളുടെ അറിവോടെയല്ലെന്നും അരുണ്‍ വര്‍മ കൂട്ടിച്ചേര്‍ത്തു.നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദപരാമര്‍ശത്തിന് പിന്നാലെയാണ് നിവിന്‍ പോളിക്കെതിരെ വ്യാപകമായ പ്രചാരണമുണ്ടായത്.

മലയാളത്തിലെ ഒരുപ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ഒരുചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു.'മലയാളസിനിമയില്‍ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും', എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകള്‍.

Leave A Comment