സിനിമ

‘വാരിസ്’ ഫസ്റ്റ് ഷോ കാണാൻ വിജയുടെ അമ്മയും; തിയേറ്ററിൽ നിന്നുള്ള ചിത്രം വൈറൽ

ചെന്നൈ: വിജയ് നായകനായ വാരിസ് ഇന്നാണ് റിലീസ് ചെയ്തത്. ഫാമിലി എന്റർടെയ്നറാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തെ വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോൾ‌ ആദ്യ ​ദിവസം തന്നെ സിനിമ കാണാൻ വിജയുടെ അമ്മ തന്നെ തിയറ്ററിൽ എത്തിയിരിക്കുകയാണ്. വാരിസിന്റെ ഫാൻ ഷോ കാണാനാണ് അമ്മ ശോഭ ചന്ദ്രശേഖർ തിയറ്ററിൽ എത്തിയത്. 

നടൻ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ ചന്ദ്രശേഖർ വാരിസ് ആസ്വദിച്ചത്. ഗണേഷ് വെങ്കിട്ടറാമിന്റെ ഭാര്യ നിഷാ ഗണേഷ് ആണ് വിജയ്‌യുടെ അമ്മയോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.  ശോഭ അമ്മയോടൊപ്പം സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവച്ചുകൊണ്ട് കുറിപ്പും പങ്കുവച്ചു. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.



'വാരിസ്' വളരെയധികം ഇഷ്ടമായി. ഓരോ ഫ്രെയിമും സ്റ്റൈലിഷ് ആയിരുന്നു. വിജയ് അണ്ണാ മാസ്സ്. രശ്‌മിക മനോഹാരിയായിരിക്കുന്നു. വിജയ് അണ്ണന്റെ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും പറ്റിയ പാക്കേജാണ് ഈ സിനിമ. ഏറെ കാത്തിരുന്ന വംശി സാറിന്റെ കുടുംബ സിനിമ. ശോഭ അമ്മക്കും മുഴുവൻ അണിയറപ്രവർത്തകർക്കുമൊപ്പം സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. -നിഷ വെങ്കിട്ടരാമൻ കുറിച്ചു. 

 
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വരിസ്. ഫാമിലി എന്റർടെയ്നർ ആയി പുറത്തെത്തിയ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികയായി എത്തിയത്. തമിഴ്, തെലുങ്ക് ഭാഷയിലാണ് ചിത്രം ഒരുക്കിയത്.

Leave A Comment