ആവേശം മൂത്തു ; ധനുഷ് ചിത്രം പ്രദർശിപ്പിക്കുമ്പോൾ തിയേറ്റർ സ്‌ക്രീൻ വലിച്ചുകീറി ആരാധകർ
ധനുഷ് നായകനായ 'തിരുച്ചിത്രമ്പലം' എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധനുഷ് ചിത്രം തിയേറ്ററിലെത്തിയത്. സിനിമ ഹൗസ്ഫുള്ളായി നിറഞ്ഞോടുന്നത് തിയേറ്ററുടമകള്‍ക്ക് ആശ്വാസം പകരുമ്പോള്‍ ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ സംഭവിച്ചത് വലിയ നഷ്ടം.
ധനുഷിനെ സ്‌ക്രീനില്‍ കണ്ടതും ചില ആരാധകരുടെ ആവേശം അതിരുകടന്നു. ആര്‍പ്പു വിളികള്‍ക്കും നൃത്തവുമായി സീറ്റില്‍ നിന്ന് എഴുന്നേറ്റ ആരാധകരില്‍ ചിലര്‍ തിയേറ്റര്‍ സ്‌ക്രീന്‍ വലിച്ചുകീറി. ഷോ മുടങ്ങിയപ്പോഴാണ് ആവേശത്തില്‍ തങ്ങള്‍ക്ക് പിണഞ്ഞ അമളി അവര്‍ക്ക് മനസ്സിലായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പരിധികടന്ന ഈ പ്രവൃത്തി തീയേറ്റര്‍ ഉടമയ്ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മിത്രന്‍ ജവഹര്‍ ആണ് തിരുച്ചിത്രമ്പലം' സംവിധാനം ചെയ്തിരിക്കുന്നത്. 'യാരടി മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.
Leave A Comment