ജനഹിതം

ബീന സുരേന്ദ്രൻ കയ്പമംഗലം പ്രസിഡണ്ട്; കെ.പി രാജന് എറിയാട് രണ്ടാമൂഴം

മാള: തീരമേഖലയിൽ വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ ചുമതലയേറ്റു. 

എം.ആർ. കൈലാസൻ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് . 

എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി എൽഡിഎഫിലെ എം.ആർ. കൈലാസൻ തെരഞ്ഞെടുക്കപ്പെട്ടു. കൈലാസന് 10 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ബി ജെ പി യിലെ എം.എ.ഹരിദാസിന് ആറ് വോട്ടുകളും ലഭിച്ചു. കാര ഈസ്റ്റ് വാർഡിൽ നിന്നുള്ള എം.ആർ. കൈലസാൻ സി പി ഐ എടവിലങ്ങ് ലോക്കൽ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ അഞ്ച് വർഷം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. 

മിനിഷാജി ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

സിപിഎമ്മിലെ മിനിഷാജി ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ  മിനി ഷാജിക്ക് 13 വോട്ടും എതിർ സ്ഥാനാർത്ഥികളായ ബി ജെപിയിലെ പ്രകാശിനി മുല്ലശേരിക്ക് അഞ്ച് വോട്ടും കോൺഗ്രസിലെ ഷിലു ടീച്ചർക്ക് അഞ്ച് വോട്ടും ലഭിച്ചു. 

ബീന സുരേന്ദ്രൻ കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

കോൺഗ്രസിലെ ബീന സുരേന്ദ്രൻ കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന വോട്ടെടുപ്പിൽ 22 അംഗ ഭരണസമിതിയിൽ 16 അംഗങ്ങളുടെ വോട്ട് നേടിയാണ് ബീന സുരേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിലെ പ്രജിത 5 വോട്ട് നേടി. ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. 

തുടർച്ചയായി 15 വർഷമായി പഞ്ചായത്തംഗാമായ ബീന സുരേന്ദ്രൻ ഇത് രണ്ടാം തവണയാണ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെടുന്നത്. 2010 -15 വർഷത്തിൽ രണ്ടര വർഷം പ്രസിഡണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്. 59 കാരിയായ ബീന സുരേന്ദ്രൻ 12വാർഡ് മെമ്പറായാണ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

ടികെ രാജു പെരിഞ്ഞനം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

സിപിഎമ്മിലെ ടികെ രാജു പെരിഞ്ഞനം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. 16 അംഗ ഭരണസമിതിയിൽ എൻഡിഎ അംഗങ്ങളായ രണ്ട് പേരും യുഡിഎഫ് അംഗമായ ഒരാളും പ്രസിഡൻ്റ്റ് തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിട്ടു നിന്നു. തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്തംഗം സായിദ മുത്തുക്കോയ തങ്ങൾ ആണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ടികെ രാജുവിൻ്റെ പേര് നിർദേശിച്ചത്. എതിർ സ്ഥാനാർഥി ഇല്ലാത്തതിനാൽ വരണാധികാരി വിനയം, ടികെ രാജുവിനെ പ്രസിഡൻറായി പ്രഖ്യാപിച്ചു. ആദ്യമായാണ് പഞ്ചായത്ത് അംഗമായും പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെടുന്നത്. പതിനഞ്ചാം വാർഡിൽ നിന്നാണ് ടി.കെ. രാജു തിരഞ്ഞെടുക്കപ്പെട്ടത്. 

ബൈന പ്രദീപ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

സിപിഎമ്മിലെ ബൈന പ്രദീപ് എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി ഇല്ലാതെയാണ് ബൈന പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ 5 അംഗങ്ങളും തിരഞ്ഞെടുപ്പ് നടപടികളിൽ നിന്നും വിട്ടു നിന്നു. തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്തംഗം നവമി പ്രസാദ് ആണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബൈന പ്രദീപിൻ്റെ പേര് നിർദേശിച്ചത്. എതിർ സ്ഥാനാർഥി ഇല്ലാത്തതിനാൽ വരണാധികാരി എംകെ സ്മിത, ബൈന പ്രദീപിനെ പ്രസിഡൻറായി പ്രഖ്യാപിച്ചു. 

ഇത് രണ്ടാം തവണയാണ് ബൈന പ്രദീപ് പഞ്ചായത്ത് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കുന്നത്. 2015 - 20 കാലത്തിലാണ് നേരത്തെ പ്രസിഡണ്ടായിരുന്നു. പതിനേഴാം വാർഡിൽ നിന്നാണ് ബൈന പ്രദീപ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

കെ.പി രാജൻ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

എറിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി കെ.പി. രാജനെ തെരഞ്ഞെടുത്തു. കെ.പി രാജന് 17 വോട്ടും എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ സി.ഡി വിജയന് ഏഴ് വോട്ടും ലഭിച്ചു. ആറാട്ട് വഴി 24-ാം വാർഡിൽ നിന്നുമുള്ള കെ.പി. രാജൻ ഇത് രണ്ടാം തവണയാണ് പ്രസിഡൻ്റായി ചുമതലയേറ്റത്. സി പി എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി അംഗമാണ്.

Leave A Comment