തൃശൂരിൽ എൽഡിഎഫ് ഗ്രാഫ് താഴോട്ട്
തൃശൂർ: കോർപറേഷനൊഴികെയുള്ള ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തവണയും എൽഡിഎഫിനാണു മുൻതൂക്കമെങ്കിലും, കഴിഞ്ഞ രണ്ടു തദ്ദേശതെരഞ്ഞെടുപ്പുകളിലെ മുന്നേറ്റവുമായി താരതമ്യപ്പെടുത്തിയാൽ ഇത്തവണത്തെ ഫലം എൽഡിഎഫിനേകിയതു കടുത്ത നിരാശ.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എൽഡിഎഫിന്റെ ഭൂരിപക്ഷഗ്രാഫ് കുതിച്ചതു താഴേക്ക്. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണനേട്ടങ്ങൾ ഉയർത്തിയുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ജില്ലയിൽ ഏശിയില്ല. മറിച്ച്, ചർച്ചയായതു കരുവന്നൂരും സ്വജനപക്ഷപാതവും പിൻവാതിൽ നിയമനങ്ങളും തെരഞ്ഞെടുപ്പുകാലത്തെ പീഡനക്കേസ് കുതന്ത്രവും ശബരിമലക്കൊള്ളയും നേതാക്കളുടെ അനധികൃത സ്വത്തുസന്പാദനവുമൊക്കെയാണ്.
ഇത്തവണ തെരഞ്ഞെടുപ്പിൽ എതിരാളികളാരും ഇതിലൊരമ്പും തൊടുത്തില്ലെങ്കിലും മുറിവേറ്റ ജനം അവസരം കിട്ടിയപ്പോൾ തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള എൽഡിഎഫിന്റെ ഭരണനേട്ട, വികസന പ്രചാരണങ്ങൾക്ക് ഊതിവീർപ്പിച്ച ബലൂണിന്റെ വിലപോലും വോട്ടർമാർ നല്‍കിയില്ല. സംസ്ഥാന സർക്കാരിനോടുള്ള അമർഷവും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നറിയിപ്പുമാണ് തൃശൂർ നല്‍കിയതെന്നാണു വിലയിരുത്തൽ.
കോർപറേഷനിൽ കഴിഞ്ഞതവണ 25 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 13ലേക്കു കൂപ്പുകുത്തിയപ്പോൾ ബിജെപി ആറിൽനിന്ന് എട്ടിലേക്കുയർന്നു. യുഡിഎഫിന്റെ 24 സീറ്റുകൾ 33 സീറ്റുകളായി. കഴിഞ്ഞതവണയും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന എൽഡിഎഫ് കോൺഗ്രസ് വിട്ടു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വ്യക്തിയെ മേയറാക്കിയാണ് ഭരണം പിടിച്ചത്.
കോർപറേഷനിൽ റോജി എം. ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, മുൻസ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുഡിഎഫ് പ്രചാരണം. മൊത്തം 56 ഡിവിഷനുകളുള്ളതിൽ 28 വനിതാ സംവരണ സീറ്റുകളായിരുന്നു. ഇവരെക്കൂടാതെ നാലു വനിതകളെക്കൂടി യുഡിഎഫ് ജനറൽ സീറ്റിൽ മത്സരിപ്പിച്ചു. ഇതിൽ മൂന്നുപേർ ജയിച്ചു. കഴിഞ്ഞതവണത്തേക്കാൾ രണ്ടു സീറ്റുകൾ ബിജെപിക്കു കൂടുതൽ ലഭിച്ചതോടെ കേന്ദ്രപദ്ധതികൾ ഉയർത്തിയുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രചാരണതന്ത്രങ്ങൾ തെരഞ്ഞെടുപ്പിൽ ഫലംകണ്ടുവെന്നുവേണം കരുതാൻ.
ജില്ലയിലെ ഏഴു മുനിസിപ്പാലിറ്റികളിൽ ഇത്തവണയും അഞ്ചെണ്ണം എൽഡിഎഫ് നിർത്തി. എന്നാല്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് നേരിട്ടതു കടുത്ത പതനമാണ്. ജില്ലയിലെ ആകെ 86 പഞ്ചായത്തുകളിൽ എൽഡിഎഫ് നേടിയത് 45 മാത്രം.
കഴിഞ്ഞതവണ കട്ടയ്ക്കൊപ്പം നിന്ന 24 പഞ്ചായത്തുകൾ എൽഡിഎഫിനെ കൈവിട്ടു. യുഡിഎഫ് 35 പഞ്ചായത്തുകൾ നേടി. എൻഡിഎ ഒരു പഞ്ചായത്തും. ജില്ലാ പഞ്ചായത്തിലെ മൂന്നു ഡിവിഷനുകളും മൂന്നു ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിനു നഷ്ടപ്പെട്ടു.
തൃശൂർ
കോർപറേഷൻ
ഭരണം: യുഡിഎഫ്
ആകെ സീറ്റ്: 56
എൽഡിഎഫ്: 13
യുഡിഎഫ്: 33
എൻഡിഎ: 08
സ്വതന്ത്രർ: 02
നഗരസഭകൾ: 07
എൽഡിഎഫ്: 05
യുഡിഎഫ്: 02
എൻഡിഎ: 0
ജില്ലാ പഞ്ചായത്ത്
ഭരണം: എൽഡിഎഫ്
ആകെ സീറ്റ്: 30
എൽഡിഎഫ്: 21
യുഡിഎഫ്: 09
എൻഡിഎ: 0
ബ്ലോക്ക് പഞ്ചായത്തുകൾ:16
എൽഡിഎഫ്: 10
യുഡിഎഫ്: 05
എൻഡിഎ: 00
ഭൂരിപക്ഷമില്ല: 01
ഗ്രാമപഞ്ചായത്തുകൾ: 86
എൽഡിഎഫ്: 45
യുഡിഎഫ്: 35
എൻഡിഎ: 01
ഭൂരിപക്ഷമില്ല: 05
Leave A Comment