നാഗസ്വരത്തിന്റെ നിറസാന്നിധ്യമായ മറുനാടൻ മലയാളി
വാൽക്കണ്ണാടി
ദ്രാവിഡ സംസ്‌കാരത്തിന്റെ തനിമ പേറുന്ന നാഗസ്വരവുമായി 'കൊപ്പംപെട്ടി ഭാസ്കരൻ' യാത്രയായിട്ട് ഏഴ് പതിറ്റാണ്ട് തികഞ്ഞു. ഈ കലാകാരൻ നാദസ്വര രംഗത്ത് നിറസാന്നിധ്യമായ മറുനാടൻ മലയാളിയാണ്. കൊപ്പംപെട്ടി ഭാസ്കരൻ നാഗസ്വരത്തിന്റെ നാവിൽ സർഗാത്മക സൗന്ദര്യം പകർന്ന് സംഗീതത്തിന്റെ അമൃത മഴ ചൊരിഞ്ഞ് ആസ്വാദകരിൽ ആനന്ദാനുഭൂതിയുണർത്തുന്നു. ഇദ്ദേഹം കലാസപര്യയുടെ കർമ്മ ചൈതന്യവുമായി നാദസ്വരത്തെ ആത്മാർപ്പണം ചെയ്ത പ്രതിഭാധനനാണ്.
തമിഴകത്തെ നാഗസ്വര ചക്രവർത്തി
അന്യഭാഷ കലാകാരന്മാരെ അംഗീകരിക്കുന്നതിൽ സാധാരണയായി അൽപ്പം വിമുഖത കാണിക്കാറുള്ള തമിഴ് കലാലോകത്തിന് ഭാസ്‌കരന്റെ അത്ഭുത സിദ്ധിക്കുമുന്നിൽ മുട്ടു മടക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. നാഗസ്വരത്തിന്റെ നാദമധുര്യവുമായി അതിരുകടന്നെത്തിയ ഈ കലാകാരനെ അവർ ഇരു കൈയും നീട്ടി സ്വീകരിച്ചു. അങ്ങിനെ തമിഴകത്തെ നാഗസ്വര ചക്രവർത്തിയായി ഈ മലയാളി മാറി. മാളക്കടുത്ത് അന്നമനടയാണ് ഇദ്ദേഹത്തിന്റെ ജന്മദേശം.
എന്നാൽ കലാജീവിതത്തിന്റെ ഉറവിടം 1958 മുതൽ തമിഴകമാണ്. ശ്രീരംഗത്താണ് താമസം. ഇന്ത്യക്കകത്തും പുറത്തുമായി 6000 ത്തിലധികം വേദികളിൽ കൊപ്പം പെട്ടി ഭാസ്കരൻ നാദസ്വരക്കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം. ജി. രാമചന്ദ്രൻ ഇദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത് അവിസ്മരണീയമായ അനുഭവമാണ്. 1983 ഓഗസ്റ്റ് 30 നാണത്. നാഗസ്വര കലാനിധിഎന്ന ബഹുമതിയും ലഭിച്ചു.

ഭാസ്കരന്റെ ശുദ്ധമായ സംഗീതം മികച്ച ശാരീരത്തിലൂടെ പ്രവഹിക്കുമ്പോൾ കേൾവിക്കാർ കുളിരണിയുന്നു. ഈ പ്രതിഭാശാലിയുടേത് പതിറ്റാണ്ടു കാലത്തെ പരിശ്രമം കൊണ്ട് ശുദ്ധി വരുത്തിയ ശബ്ദ വിന്യാസമാണ്.
ശബ്ദ ഗാംഭീര്യത്തിന് മങ്ങലേൽക്കാത്ത സ്വരധാര
നാഗസ്വര കലാനിധി കൊപ്പം പെട്ടി ഭാസ്കരന്റെ ശുദ്ധ നാഥത്തിലൂടെയുള്ള ഹർഷോന്മാദവും അത്ഭുതകരമായ ഓജസ്സും മഹത്തായ ധർമ്മ ബോധവും കലാരസികരെ സംപ്രീതരാക്കുന്നു. അനുവാചകരിൽ അഭൗമ തേജസ്സറിയിച്ച് ആർജ്ജവവും ആത്മ സത്തയും സ്വായത്തമാക്കി തനതായ വ്യക്തി പ്രഭാവം പ്രകടമാക്കുന്നു.
സംഗീതത്തിന്റെ ഉൾവിലയെയും രാഗങ്ങളെയും സ്വരങ്ങളെയും സംബന്ധിച്ച് വ്യകത്മായ അറിവും, ശ്രുതിയുടെയും ലയത്തിന്റെയും ഒരുമിച്ചുള്ള നിയന്ത്രണവും, ശബ്ദത്തിനനുയോജ്യമായ രാഗവും, വൈധ്യമാർന്ന അനുഭവങ്ങളിലൂടെ അറിയപ്പെടുന്ന വാസനയും ആശയങ്ങളുമാണ് ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വികാസത്തിന് സംഭാവന നൽകുന്ന മുഖ്യ ഘടകങ്ങൾ.
സുഷിരവാദ്യത്തിന്റെ ശബ്ദവീചികളിലൂടെ ആസ്വാദകവൃന്ദം കീഴടക്കുന്ന കൊപ്പംപെട്ടി ഭാസ്കരൻ എന്ന കലാപ്രതിഭക്ക് അധികമാരുമറിയാത്ത മറ്റൊരു തലവുമുണ്ട്. ഇദ്ദേഹം നാഗസ്വരത്തിൽ ആവിഷ്കരിച്ച തനതായ നവീന ശൈലി പ്രസിദ്ധമാണ്. ഇതേപ്പറ്റി പലരും പ്രകീർത്തിച്ചിട്ടുണ്ട്. തുടർച്ചയായി എത്ര നേരം കച്ചേരി നടത്തിയാലും ശബ്ദ ഗാംഭീര്യത്തിന് മങ്ങലേൽക്കുന്നില്ല എന്നതാണ് ഈ സ്വരധാരയുടെ സവിശേഷത. ഓൾ ഇന്ത്യ റേഡിയോവിലും ദൂരദർശനിലും കൊപ്പംപെട്ടി ഭാസ്കരൻ 'എ' ഗ്രേഡ് ആർട്ടിസ്റ്റാണ്. ഇന്ത്യയിലെ പ്രശസ്ത കലാകാരൻമാർ ഉൾപ്പെടെ തിരു വയ്യാർ ത്യാഗബ്രഹ്മസഭയിൽ അംഗമാണ്.
പത്താം വയസിൽ അരങ്ങേറ്റം
തൊഴുത്തുങ്ങ പറമ്പിൽ നാരായണന്റെ മകനായി 1945 ലാണ് ജനനം. പിതാവിൽ നിന്നും ഭാസ്കരൻ നാഗസ്വരത്തിൻ്റെ ബാല പാഠങ്ങൾ പഠിച്ചു. ചക്കാംപറമ്പ് ഭഗവതിക്ഷേത്രത്തിൽ പത്താം വയസിൽ അരങ്ങേറ്റം നടത്തി. സാമ്പത്തിക പരാധീനത കുടുംബത്തിന്റെ കൂടപ്പിറപ്പായിരുന്നു. ഈ കലാരൂപത്തെ പ്രവീണ്യം നേടുന്നതിനായി ഭാസ്കരൻ തമിഴ്‌നാട്ടിലേക്ക് പോയി. കാരൈക്കുറിശി അരുണാചലം ശിഷ്യനായി സ്വീകരിച്ചു. കൊപ്പം പെട്ടി കുമാരസ്വാമിയും തഞ്ചാവൂർ വെങ്കിടാചലവും ഗുരുനാഥന്മാരായി. നാഗസ്വരത്തിൽ നിപുണനായി മാറിയ ഭാസ്കരൻ ഈ കലയെ ജീവിതത്തോട് ചേർത്തു പിടിച്ചു.
ഒരു കലാകാരനെന്ന നിലയിൽ സൃഷ്ടിപരമായ കഴിവ് ഉത്തമ സംഗീതത്തിന്റെ വിസ്മയമായി മാറി. ശാസ്ത്രീയതയുടെ ചിട്ട തെറ്റാതെ തന്നെ സാധാരണക്കാരന്റെ രസനക്കുതകുന്ന രീതിയിൽ നാഗസ്വരത്തെ ക്രമീകരിച്ചു. പിൽക്കാലത്ത് സുഷിര വാദ്യലോകത്ത് ജൈത്രയാത്ര തുടർന്നു. നാഗസ്വര വേദിയിൽ ഭാസ്കരന്റെ പേര് പ്രശസ്തമായതോടെ ശ്രോതാക്കളും സംഘാടകരും പരിപാടികൾക്ക് ഇദ്ദേഹത്തെ കൊണ്ടു വരണമെന്ന് താല്പര്യം പ്രകടിപ്പിച്ചു.
ഭാസ്കരന്റെ സംഗീത സിദ്ധി ആസ്വാദക ലോകം തിരിച്ചറിഞ്ഞു. സംഗീതത്തിന്റെ ഭാവം, രാഗം, ആലാപന രീതി എന്നിവയെല്ലാം പ്രശംസ പിടിച്ചു പറ്റി. നാഗസ്വര ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ഭാസ്കരൻ ചിരപ്രതിഷ്ഠ നേടി. തമിഴ്‌നാട് സർക്കാരിന്റെയും ഇന്ത്യ - ഇന്റർ നാഷണൽ ഫ്രണ്ട്‌സ് സൊസൈറ്റിയുടെയും അവാർഡുകൾ കരസ്ഥമാക്കി. ഭാസ്കരൻ പ്രസിദ്ധിയുടെ നെറുകയിൽ നിൽക്കുമ്പോഴും ജന്മ നാട്ടിലെ മഹാദേവക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും നാഗസ്വരക്കച്ചേരി അവതരിപ്പിക്കാനായി. കേരളത്തിൽ എത്താറുണ്ട്.
തയാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment