science

നിങ്ങളുടെ പേര് ശരിയല്ലേ? യുപിഐ പണി തരും

ന്യൂഡൽഹി: ഡിജിറ്റല്‍ ലോകത്ത് സ്റ്റൈലൻ പേരുകള്‍ ഉപയോഗിക്കുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍ പണമിടപാട് സംവിധാനങ്ങളിലും പേരിന് ഭംഗി കൂട്ടാൻ നോക്കിയാല്‍ ഇനിമുതല്‍ യുപിഐ പണി തരും. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് കർശന നിർദേശമിറക്കിയിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. 

പുതിയ ചട്ടം അനുസരിച്ച്‌ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം പണമിടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ റിജക്‌ട് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

 യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുപിഐ ഉപയോഗിക്കുന്ന എല്ലാ സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്. പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ ആല്‍ഫാന്യൂമെറിക് ക്യാരക്ടറുകള്‍ മാത്രമാണ് ട്രാന്‍സാക്ഷന്‍ ഐഡികള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് എല്ലാവരും ഉറപ്പാക്കണം. മിക്ക സേവന ദാതാക്കളും പുതിയ വ്യവസ്ഥ പാലിച്ചിട്ടുണ്ടെങ്കിലും ചിലർ ഇപ്പോഴും പാലിക്കാത്തതിനാല്‍ അടുത്ത മാസം മുതല്‍ നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാനാണ് പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം.

Leave A Comment